കണ്ണൂർ: ഞെകളി കൊട്ടാളം കുന്നിലെ റബ്ബർ എസ്റ്റേറ്റിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിതറിക്കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൾ. കുത്തനെയുള്ള കുന്നിൻ പ്രദേശത്തെ ഏക്കറുകണക്കിന് വരുന്ന തോട്ടത്തിൽ കാട് വെട്ടിത്തെളിക്കാനെത്തിയ തൊഴിലാളികളാണ് രാവിലെ അസ്ഥികൂടം കണ്ടത്.
കടന്നപ്പള്ളി പടിഞ്ഞാറെക്കര ഷമീ മാസ് വീട്ടിൽ പി. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ളതാണ് എസ്റ്റേറ്റ്. ഇന്നലെ രാവിലെ 11.30ഓടെ സ്ഥലത്തെത്തിയ അബൂബക്കറാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പെരിങ്ങോം എസ്.ഐ കെ. ഖദീജയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
സമീപത്തെ മരക്കൊമ്പിൽ തുണി തൂങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ മരിച്ചയാൾ തൂങ്ങിമരിച്ചതാകാമെന്ന സംശയവും ഉയർന്നിട്ടുണ്ട്. അസ്ഥികൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പെരിങ്ങോം പൊലീസും കണ്ണൂരിൽ നിന്നുള്ള ഫൊറൻസിക് സംഘവും സ്ഥലത്തെത്തി വിശദപരിശോധനയ്ക്കായി അസ്ഥികൂടം ശേഖരിച്ചു. സമീപപ്രദേശങ്ങളിൽ കഴിഞ്ഞ കാലയളവിൽ കാണാതായവരുടെ വിവരങ്ങൾ പരിശോധിച്ച് മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.



