ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജീത് ദീപ്കെ. ഡൽഹിയിൽ വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യൻ യുവതയുടെ സമരങ്ങൾക്ക് തുടക്കം മുതൽ പിന്തുണ നൽകിയതിന് മമതയോട് നന്ദി അറിയിക്കാനാണ് എത്തിയതെന്ന് ദീപ്കെ പറഞ്ഞു.
നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ ഇന്ത്യ സഖ്യം സംഘടിപ്പിക്കുന്ന മഹാറാലിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിൽ പങ്കെടുക്കില്ലെന്നും ദീപ്കെ വ്യക്തമാക്കി. സിജെപി സ്വതന്ത്രവും നിഷ്പക്ഷവുമായ സംഘടനയായി തുടരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കൊള്ളയ്ക്കെതിരെ പ്രതിഷേധിക്കുന്ന ഏത് സംഘടനയ്ക്കും സിജെപിയുടെ പിന്തുണയുണ്ടാകുമെന്നും ദീപ്കെ കൂട്ടിച്ചേർത്തു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ ആദ്യ സമരത്തിലും പിന്നീട് നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും മമത ബാനർജി പിന്തുണച്ചിരുന്നുവെന്ന് ദീപ്കെ പറഞ്ഞു. അതിനുള്ള നന്ദി അറിയിക്കാനാണ് സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി.
ദീപ്കെയെയും സിജെപിയുടെ മറ്റ് നേതാക്കളെയും കണ്ടതിൽ സന്തോഷമുണ്ടെന്ന് മമത ബാനർജിയും പ്രതികരിച്ചു. വിവിധ വെല്ലുവിളികൾക്കിടയിലും അവർ നടത്തുന്ന പ്രവർത്തനങ്ങളെ അംഗീകരിക്കുന്നതായും മമത പറഞ്ഞു. കൂടിക്കാഴ്ചയ്ക്കുശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ഇന്ത്യ സഖ്യത്തിന്റെ റാലിക്ക് പിന്തുണ നൽകുമ്പോഴും അതിന്റെ ഭാഗമാകാതെ സ്വതന്ത്ര നിലപാട് തുടരാനാണ് സിജെപി തീരുമാനമെന്നാണ് ദീപ്കെയുടെ പ്രതികരണം വ്യക്തമാക്കുന്നത്.



