മീനങ്ങാടി : പഠനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ വിദ്യാഭ്യാസ വകുപ്പ് സ്ഥലം മാറ്റി. വടുവഞ്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മാറ്റിയത്. പഠനയാത്രയിൽ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തൽ.
വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പിടിഎ പ്രസിഡന്റിനെ മാറ്റാനും തീരുമാനമായി. ആർആർഡിയിൽനിന്ന് ആവശ്യമായ അനുമതി തേടിയില്ലെന്നും മൂന്ന് ദിവസം നടത്തേണ്ട പഠനയാത്ര അഞ്ച് ദിവസമായി നീട്ടിയെന്നുമാണ് റിപ്പോർട്ടിലുള്ളത്.
വിനോദയാത്രയ്ക്കിടെ പ്രിൻസിപ്പൽ മദ്യപിച്ചെന്ന വിദ്യാർഥികളുടെ ആരോപണമാണ് വിവാദത്തിന് തുടക്കമിട്ടത്. എന്നാൽ നടത്തിയ രക്തപരിശോധനയിൽ ഫലം നെഗറ്റീവായതോടെ മദ്യപിച്ചെന്ന ആരോപണത്തിന് സ്ഥിരീകരണമുണ്ടായില്ല. ആരോപണങ്ങൾ തനിക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയെന്ന് ഷിവി കൃഷ്ണൻ പ്രതികരിച്ചു.
തനിക്കെതിരെ പൊലീസിൽ പരാതിയില്ലെന്നും സത്യസന്ധത തെളിയിക്കാനാണ് പരിശോധനയ്ക്ക് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർഥികളുടെ ഭാഗത്തുനിന്നുണ്ടായ ചില ഇടപെടലുകൾ അപക്വമായിരുന്നുവെങ്കിലും അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ നീക്കമുണ്ടായിരുന്നോ എന്ന് സംശയിക്കുന്നതായും പിടിഎ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരെ നടന്ന നീക്കങ്ങളിൽ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ഷിവി കൃഷ്ണൻ പറഞ്ഞു. അതേസമയം, പഠനയാത്രയിലെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകളിൽ വിദ്യാഭ്യാസ വകുപ്പിന്റെ തുടർ അന്വേഷണം നടക്കും.



