ഇംഫാൽ: മണിപ്പൂരിൽ തട്ടിക്കൊണ്ടുപോയ രണ്ട് കുക്കി യുവാക്കളുടെ മൃതദേഹങ്ങൾ സുരക്ഷാസേന കണ്ടെത്തി. ഒക്ടോബർ 28 മുതൽ കാണാതായ പാവോഗിൻലാൽ ഹാങ്ഷിങ് (20), ടിൻഗിൻലുൻ ചോങ്‌ലോയ് (21) എന്നിവരുടെ മൃതദേഹങ്ങളാണ് അഞ്ചു ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഹെങ്ബുങ്, താഫൗ ഗ്രാമങ്ങൾക്കിടയിലൂടെ യാത്ര ചെയ്യുന്നതിനിടെ ഇരുവരെയും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
മണിപ്പൂർ പൊലീസ്, കേന്ദ്ര റിസർവ് പൊലീസ് സേന (CRPF), അസം റൈഫിൾസ് എന്നിവയുടെ നേതൃത്വത്തിൽ യുവാക്കളെ കണ്ടെത്താൻ നിരവധി തിരച്ചിൽ നടപടികൾ നടത്തിയിരുന്നു. ഞായറാഴ്ച മണിപ്പൂർ പൊലീസ്, കോബ്ര, സിആർപിഎഫ്, അസം റൈഫിൾസ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് (RAF) എന്നിവ സംയുക്തമായി നടത്തിയ വിപുലമായ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദേശീയപാത രണ്ടിന് കിഴക്കുഭാഗത്തായി എസ്.പി റോഡിനോട് ചേർന്ന പ്രദേശത്തായിരുന്നു പരിശോധന. സേനയുടെ തിരച്ചിൽ നടപടികൾ തുടരുമെന്നും കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി പിടികൂടുമെന്നും പൊലീസ് അറിയിച്ചു.
യുവാക്കളെ കാണാതായതിന് പിന്നാലെ ഒക്ടോബർ 29 മുതൽ കുക്കി സംഘടനയായ കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി (CoTU) ജില്ലയിൽ സമ്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരുന്നു. ഇരുവരെയും ഉപാധികളില്ലാതെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നോനി ജില്ലയിൽ കുക്കി വിഭാഗത്തിൽപ്പെട്ട മൂന്ന് പേർ വെടിവെപ്പിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രണ്ട് യുവാക്കളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. തുടർച്ചയായ അക്രമസംഭവങ്ങൾ മണിപ്പൂരിലെ സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കുകയാണ്.
2023 മേയിൽ ഭൂരിപക്ഷമായ മെയ്‌തെയ് വിഭാഗവും ഗോത്രവിഭാഗമായ കുക്കികളും തമ്മിൽ വംശീയ സംഘർഷം ആരംഭിച്ചതുമുതൽ മണിപ്പൂർ കലാപത്തിന്റെ പിടിയിലാണ്. ഇതുവരെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരായി 368ഓളം പേർ കൊല്ലപ്പെട്ടതായും 66,000ത്തിലധികം പേർക്ക് വീടും നാടും ഉപേക്ഷിക്കേണ്ടിവന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഘർഷത്തെ തുടർന്ന് സംസ്ഥാനത്ത് ക്രമസമാധാനനില തകരുകയും പ്രദേശങ്ങൾ വംശീയാടിസ്ഥാനത്തിൽ വേർതിരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.



