കൊല്ലം: കൈക്കൂലി കേസിൽ കുന്നത്തൂർ താലൂക്ക് ഓഫീസിലെ മുൻ ഡെപ്യൂട്ടി തഹസിൽദാർക്ക് എട്ടുവർഷം തടവുശിക്ഷ വിധിച്ച് കൊല്ലം വിജിലൻസ് കോടതി. വടക്കുംതല സ്വദേശി ബാബുവിനാണ് ശിക്ഷ ലഭിച്ചത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കൈക്കൂലി വാങ്ങിയെന്ന കുറ്റമാണ് ഇയാൾക്കെതിരെ തെളിഞ്ഞത്. എട്ടുവർഷം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടു. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. മോഹിത് സി.എസ് ആണ് വിധി പ്രസ്താവിച്ചത്.
2014-ലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരന് അനധികൃതമായി ചെങ്കല്ല് വെട്ടുന്നതിനായി ഒത്താശ ചെയ്തുകൊടുത്ത് ബാബു കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ആദ്യം 3,000 രൂപ കൈക്കൂലിയായി കൈപ്പറ്റി. എന്നാൽ തുടർന്നുള്ള ഗഡു നൽകാത്തതിനെ തുടർന്ന് ചെങ്കല്ല് വെട്ടുന്നതിനിടെ യന്ത്രം പിടിച്ചെടുത്ത് കുന്നത്തൂർ താലൂക്ക് ഓഫീസിൽ സൂക്ഷിച്ചു.
പിന്നീട് യന്ത്രം വിട്ടുനൽകുന്നതിനായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞ് താലൂക്ക് ഓഫീസിൽവെച്ച് വീണ്ടും 2,000 രൂപ കൈക്കൂലിയായി വാങ്ങി. ജിയോളജി വകുപ്പിൽ പിഴയടച്ചശേഷം യന്ത്രം വിട്ടുനൽകുന്നതിനുള്ള അവസാന ഗഡുവായി 5,000 രൂപയും ബാബു കൈപ്പറ്റി. ഈ ഘട്ടത്തിലാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്.
കൊല്ലം വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി റെക്സ് ബോബി അരവിന്ദാണ് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഡിവൈഎസ്പി ആർ. ജയശങ്കർ തുടർ അന്വേഷണം നടത്തി. ഡിവൈഎസ്പി കെ. അശോക് കുമാറാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.എസ്. ദിവ്യയും സിജു രാജനും കോടതിയിൽ ഹാജരായി.



