
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17കാരിയായ ഹർഷയ്ക്ക് ദാരുണാന്ത്യം. ആശുപത്രിയുടെ ചികിത്സാ പിഴവാണ് മകളുടെ മരണത്തിന് കാരണമെന്നാണ് പിതാവ് പ്രശാന്തിന്റെ ആരോപണം. തിങ്കളാഴ്ച വൈകിട്ട് വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചൊവ്വാഴ്ച രാവിലെ നൽകിയ സിറപ്പ് കഴിച്ചതിന് പിന്നാലെ കടുത്ത അസ്വസ്ഥതയും കാഴ്ച മങ്ങലും ഉണ്ടായതായി ബന്ധുക്കൾ പറയുന്നു. ആരോഗ്യനില വഷളായതോടെ കുട്ടിയെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരുന്നിലെ അപാകതയും ജീവനക്കാരുടെ അനാസ്ഥയും ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകി. ഹർഷ മരിച്ചതിന് ശേഷമാണ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
എന്നാൽ ഈ ആരോപണങ്ങൾ ആശുപത്രി അധികൃതർ നിഷേധിച്ചു. ആംബുലൻസ് എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നാണ് ആശുപത്രിയുടെ വിശദീകരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്നും മരണത്തിന് പിന്നിൽ യഥാർത്ഥത്തിൽ എന്താണ് കാരണമെന്നും കണ്ടെത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹർഷയുടെ അപ്രതീക്ഷിത വിയോഗം നാടിനെയും നാട്ടുകാരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.



