ബിഗ് ബോസ് ഹൗസിലെ നേഹയുടെയും താഷിയുടെയും പ്രണയവും നേഹയുടെ മാതാപിതാക്കളുടെ വരവും വലിയ ചർച്ചയാകുന്നതിനിടെ രൂക്ഷ വിമർശനവുമായി മുൻ മത്സരാർത്ഥി റിനി ആൻ ജോർജ് രംഗത്തെത്തിയിരിക്കുകയാണ്. മലയാളികളുടെ സദാചാര വിചാരണയും മര്യാദ പഠിപ്പിക്കലും സ്ത്രീകളോട് മാത്രമാണെന്നാണ് റിനിയുടെ ആരോപണം. നേഹയ്ക്കും അമ്മയ്ക്കുമെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ വിമർശിച്ച റിനി, ബിഗ് ബോസിലെ സ്ത്രീ മത്സരാർത്ഥികൾ നിരന്തരം അധിക്ഷേപങ്ങൾക്ക് ഇരയാകുകയാണെന്നും ആരോപിച്ചു.
ലോലിറ്റയെയും ഷിബിനയെയും നിലീനയെയും ലക്ഷ്യമിട്ടുള്ള വിമർശനങ്ങളും റിനി ചൂണ്ടിക്കാട്ടി.നിലീനയെ മാത്രം കുറ്റക്കാരിയാക്കിയവർ പുതപ്പിനടിയിൽ ഉണ്ടായിരുന്ന നോബിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും റിനി ചോദിക്കുന്നു. സ്ത്രീ കരഞ്ഞാൽ അഭിനയമെന്നും ദേഷ്യപ്പെട്ടാൽ അഹങ്കാരമെന്നും പറയുന്ന സമൂഹം പുരുഷന്മാരുടെ ദേഷ്യത്തെ ഫയർ എന്ന് വിശേഷിപ്പിക്കുന്നുവെന്നും റിനി വിമർശിച്ചു. ഒരാളുടെ ഗെയിം സ്ട്രാറ്റജി കൊണ്ട്, ഫെമിനിസ്റ്റുകളായ സ്ത്രീകൾ പുറത്തായി എന്നൊക്കെ മേന്മ പറയുന്നവരോട് സ്ത്രീപക്ഷം സംസാരിക്കുന്ന സ്ത്രീകളെ വെറുക്കുന്ന ഒരു സമൂഹമാണ് കേരളം എന്ന സത്യം മറന്നു പോകരുത്.
ഒരു റേപിസ്റ് അല്ലെങ്കിൽ ഒരു ക്രിമിനൽ നേരിടുന്നതിനേക്കാൾ ഹേറ്റ് ഒരു ഫെമിനിസ്റ്റ് നേരിടുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ അങ്ങനെ ഉള്ള സ്ത്രീകൾ പെട്ടെന്ന് പുറത്താകുന്നത് ആരുടെയും മിടുക്കല്ല ആഴത്തിലുള്ള സ്ത്രീ വിരുദ്ധതയാണ് ചൂണ്ടികാണിക്കുന്നത്. ഇത്തവണത്തെ ബിഗ്‌ബോസിൽ ഏകദേശം തുല്യമാണ് സ്ത്രീ പുരുഷ മത്സരാർത്ഥികളുടെ എണ്ണം എന്നിട്ടും എത്രയോ സ്ത്രീകളെ ഓരോ കാരണം പറഞ്ഞു പ്രേക്ഷകർ പുറത്താക്കി. ബിഗ് ബോസ് വെറുമൊരു ഗെയിം ഷോ മാത്രമാണെന്നും മത്സരാർത്ഥികൾക്കും പുറത്തൊരു ജീവിതമുണ്ടെന്ന കാര്യം മറക്കരുതെന്നും റിനി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഓർമിപ്പിച്ചു.



