ന്യൂഡൽഹി: രാജ്യത്ത് നക്‌സലിസത്തിനെതിരായ പോരാട്ടം വിജയിച്ചെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നക്‌സലിസത്തിന്റെ ഭീതിയിൽ നിന്ന് രാജ്യം മുക്തമായ ശേഷമുള്ള ആദ്യ ദീപാവലിയാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്ഗഢിലെ ബസ്തറിൽ സുരക്ഷാസേനാംഗങ്ങൾക്കൊപ്പമാണ് മോദി ഇത്തവണ ദീപാവലി ആഘോഷിച്ചത്.
ഒരുകാലത്ത് നക്‌സലിസത്തിന്റെ ഭീഷണി നിലനിന്നിരുന്ന ബസ്തർ ഇന്ന് വികസനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് സുരക്ഷാസേനാംഗങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. സുരക്ഷാസേനയുടെ ത്യാഗവും സമർപ്പണവുമാണ് ഈ മാറ്റത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നാല്–അഞ്ച് പതിറ്റാണ്ടുകൾക്കിടെ ഇത്രയും പ്രത്യേകതയുള്ളൊരു ദീപാവലി ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ മോദി, രാജ്യത്തെ എല്ലാ ജില്ലകളും നക്‌സലിസത്തിൽ നിന്ന് മുക്തമായെന്ന അവകാശവാദവും ഉന്നയിച്ചു. നക്‌സൽ ഭീതിയിൽ നിന്ന് കോടിക്കണക്കിന് ജനങ്ങൾ മോചിതരായെന്നും ഈ നേട്ടത്തിന്റെ പ്രധാന പങ്ക് സുരക്ഷാസേനയിലെ ധീരരായ ഉദ്യോഗസ്ഥർക്കാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ സർക്കാരുകൾ നക്‌സലുകളെ നേരിടുന്ന സുരക്ഷാസേനയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെന്നും നിലവിലെ സർക്കാർ സേനയ്ക്ക് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വാതന്ത്ര്യം നൽകിയെന്നും മോദി അവകാശപ്പെട്ടു. മാവോയിസ്റ്റ് ശൃംഖലകൾക്ക് ലഭിച്ചിരുന്ന പിന്തുണ ഇല്ലാതാക്കാനും നക്‌സലിസത്തിന്റെ അടിത്തറ തകർക്കാനും സർക്കാർ നടപടികൾ സ്വീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
2014 മുതൽ എല്ലാ വർഷവും ദീപാവലി സൈനികർക്കൊപ്പം ആഘോഷിക്കുന്ന പതിവ് പ്രധാനമന്ത്രി തുടരുകയാണ്. അതിന്റെ ഭാഗമായാണ് ഇത്തവണ ബസ്തറിലെത്തി സുരക്ഷാസേനാംഗങ്ങൾക്കൊപ്പം ആഘോഷത്തിൽ പങ്കുചേർന്നത്.



