ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. 2016ലെ നോട്ട് നിരോധനം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർത്തുവെന്നും ഇപ്പോൾ ‘വോട്ടുനിരോധനം’ രാജ്യത്തിന്റെ രാഷ്ട്രീയ സംവിധാനത്തെ തകർക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. രണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഭാവനകളാണെന്നും പാർട്ടി പരിഹസിച്ചു.
കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് വിമർശനവുമായി രംഗത്തെത്തിയത്. നോട്ട് നിരോധനത്തിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് ഒരു മാധ്യമ റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘നോട്ടുനിരോധനം സമ്പദ്വ്യവസ്ഥയെ തകർത്തു. വോട്ടുനിരോധനം രാഷ്ട്രീയ സംവിധാനത്തെ തകർക്കുകയാണ്. രണ്ടും പ്രധാനമന്ത്രിയുടെ സംഭാവനകളാണ്’ എന്നായിരുന്നു ജയറാം രമേശിന്റെ കുറിപ്പ്.
2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്. കള്ളപ്പണം തടയുക, കള്ളനോട്ടുകൾ ഇല്ലാതാക്കുക, ഭീകരവാദത്തിനുള്ള സാമ്പത്തിക സഹായം തടയുക തുടങ്ങിയ ലക്ഷ്യങ്ങളാണ് അന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നത്.
എന്നാൽ, തീരുമാനം സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിച്ചുവെന്നും പ്രഖ്യാപിച്ച ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നുമാണ് കോൺഗ്രസിന്റെ നിലപാട്. നോട്ട് നിരോധനത്തിന്റെ ഓരോ വാർഷികത്തിലും മോദി സർക്കാരിനെതിരെ വിമർശനം ഉന്നയിക്കാറുള്ള കോൺഗ്രസ്, ഇത്തവണയും ആരോപണങ്ങൾ ആവർത്തിക്കുകയായിരുന്നു.
അതേസമയം, ‘വോട്ടുനിരോധനം’ എന്ന പ്രയോഗത്തിലൂടെ നിലവിലെ രാഷ്ട്രീയ-തിരഞ്ഞെടുപ്പ് സാഹചര്യങ്ങളെയാണ് കോൺഗ്രസ് വിമർശനവിധേയമാക്കുന്നത്.



