ഡൽഹി: പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ പോര് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് നീങ്ങുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്ന് പരിഹസിക്കുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ് എഎപി. രാഹുൽ ഗാന്ധി ഇടയ്ക്കിടെ തായ്‌ലൻഡിലേക്ക് പോകുന്നത് എന്തിനാണെന്ന ചോദ്യവും പാർട്ടി ഉയർത്തുന്നുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ രാഹുൽ ഗാന്ധി നടത്തിയ മദ്യപാന ആരോപണത്തിന് പിന്നാലെയാണ് എഎപിയുടെ പ്രതികരണം. നവംബർ നാലിന് സംഗ്രൂരിൽ നടന്ന കോൺഗ്രസിന്റെ ഇൻസാഫ് റാലിയിൽ സംസാരിക്കവെയാണ് രാഹുൽ ഗാന്ധി മന്നിനെതിരെ വിമർശനം ഉന്നയിച്ചത്.
പാർലമെന്റിൽ രാവിലെ 11 മണിക്ക് തന്നെ ഭഗവന്ത് മന്നിൽ നിന്ന് മദ്യത്തിന്റെ മണം വരാറുണ്ടായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മദ്യപിക്കുന്നത് വ്യക്തിപരമായ കാര്യമാണെങ്കിലും, സംസ്ഥാനത്തെ ലഹരി വിപത്ത് അവസാനിപ്പിക്കേണ്ട മുഖ്യമന്ത്രി എല്ലാ ദിവസവും ലഹരിയിലാകരുതെന്നായിരുന്നു രാഹുലിന്റെ പരാമർശം. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പഞ്ചാബിനെ ഡൽഹിയിൽ നിന്നാണ് ഭരിക്കുന്നതെന്നും ഭഗവന്ത് മൻ വെറുമൊരു കാഴ്ചക്കാരനാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിന് മറുപടിയായാണ് രാഹുലിനെ ‘പപ്പു’ എന്ന് പരിഹസിച്ചുള്ള പോസ്റ്റർ എഎപി പുറത്തുവിട്ടത്. രാഹുൽ ഗാന്ധിയെക്കുറിച്ചുള്ള പരിഹാസപരമായ ഉദ്ധരണികൾ പങ്കുവയ്ക്കാനും പാർട്ടി ജനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ നിലവാരമില്ലാത്ത വ്യക്തിപരമായ അധിക്ഷേപമാണെന്ന് എഎപി ഡൽഹി ഘടകം കൺവീനർ സൗരഭ് ഭരദ്വാജ് വിമർശിച്ചു. തെളിവുകളില്ലാതെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ വിമർശിക്കുന്നതിന് പകരം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളെ സംശയത്തിലാക്കുന്നുവെന്നും ഭരദ്വാജ് ആരോപിച്ചു.
അടുത്ത വർഷം ആദ്യം പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മദ്യവും മയക്കുമരുന്ന് മാഫിയയും പ്രധാന രാഷ്ട്രീയ ചർച്ചാവിഷയങ്ങളായി മാറുകയാണ്. ഇന്ത്യ സഖ്യത്തിലെ അംഗങ്ങളായ കോൺഗ്രസും എഎപിയും തമ്മിലുള്ള പരസ്യമായ വാക്‌പോര് മുന്നണി ബന്ധത്തിലും വിള്ളലുണ്ടാക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.



