ചെന്നൈ: കേന്ദ്ര–സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ മുൻ തമിഴ്നാട് സർക്കാർ നിയോഗിച്ച ജസ്റ്റിസ് കുര്യൻ ജോസഫ് സമിതിയെ പിരിച്ചുവിട്ട് വിജയ് സർക്കാർ. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. കേന്ദ്ര–സംസ്ഥാന ബന്ധങ്ങൾ സംസ്ഥാന നിയമ കമ്മീഷന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ഇതിനായി പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
കേന്ദ്ര സർക്കാരുമായുള്ള ഏറ്റുമുട്ടൽ ശക്തമായിരുന്ന 2025 ഏപ്രിലിലാണ് അന്നത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ സമിതിയെ നിയോഗിച്ചത്. സമിതി ആദ്യഘട്ട റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. നിർണായകമായ രണ്ടാം റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് സമിതി പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നത്.
കേന്ദ്രത്തിലെ ബിജെപി സർക്കാരിനോട് മുഖ്യമന്ത്രി വിജയ് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് നടപടി. സമിതിയെ പിരിച്ചുവിട്ട തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി.
വിജയ് സർക്കാരിന്റെ നടപടി തെറ്റാണെന്ന് കോൺഗ്രസ് എംപി ജ്യോതിമണി വിമർശിച്ചു. സംസ്ഥാനങ്ങളുടെ അവകാശങ്ങളും ഫെഡറൽ തത്വങ്ങളും രാഷ്ട്രീയ പാർട്ടികൾക്ക് അതീതമായ വിഷയങ്ങളാണെന്ന് അവർ പറഞ്ഞു. സമിതിയുടെ ആദ്യ റിപ്പോർട്ട് ദേശീയതലത്തിൽ വലിയ ചർച്ചയാക്കേണ്ടതായിരുന്നുവെന്നും ജ്യോതിമണി കൂട്ടിച്ചേർത്തു.
സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കായി സംസാരിക്കുന്നത് വിഘടനവാദത്തിനുള്ള ആഹ്വാനമല്ലെന്നും മറിച്ച് ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തുന്ന നിലപാടാണെന്നും ജ്യോതിമണി വ്യക്തമാക്കി.



