സർക്കാർനൽകിയ 178 വീടുകൾ ആർക്കും പോയിക്കണ്ട് ബോധ്യപ്പെടാം- മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തബാധിതർക്കായി നിർമിച്ച 178 വീടുകളുടെ അവസ്ഥ ആർക്കും നേരിട്ടുപോയി ബോധ്യപ്പെടാവുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തബാധിതരെ പൂർണമായും വിശ്വാസത്തിലെടുത്തും അവരുമായി കൃത്യമായ ചർച്ചകൾ നടത്തിയും മാത്രമാണ് പുനരധിവാസത്തിനായുള്ള ഓരോ നീക്കവും സർക്കാർ നടത്തിയത്. കുടുംബങ്ങളെപ്പോലെ ഒത്തൊരുമയോടെ കഴിഞ്ഞവർക്ക് ഒരിടത്ത് തന്നെ ജീവിക്കണമെന്ന ആഗ്രഹം ഉണ്ടായപ്പോഴാണ് ടൗൺഷിപ്പ് എന്ന ആശയം രൂപപ്പെട്ടത്. ഇതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും ഉൾപ്പെടെ വിളിച്ച് ചർച്ചകൾ നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

വീട് നിർമാണം പൂർത്തിയായപ്പോൾ താമസക്കാരെ വിവരമറിയിച്ചിരുന്നു. എന്നാൽ, മാലിന്യനിർമ്മാർജനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾകൂടി പൂർത്തിയാക്കിയ ശേഷം താമസം തുടങ്ങിയാൽ മതിയെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. നിലവിൽ പട്ടയം നൽകിയാൽ മതിയെന്നും വിഷുവിന് മുൻപായി താമസം തുടങ്ങാനുള്ള സൗകര്യം ഒരുക്കണമെന്നുമാണ് അവർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പിലാക്കാൻ സാധിക്കുമെന്നാണ് സർക്കാർ കരുതുന്നത്. പുനരധിവാസവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഗുണഭോക്താക്കളുമായി ആലോചിച്ചുതന്നെയാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *