ലക്നൗ: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി വീണ്ടും അധികാരത്തിൽ എത്തിയാൽ അയോധ്യയെ ‘സനാതന തീർഥാടനത്തിന്റെ ആഗോള തലസ്ഥാന’മാക്കി മാറ്റുമെന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കുമെന്നും ക്ഷേത്ര ഭരണത്തിൽ സുതാര്യത കൊണ്ടുവരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള അഖിലേഷിന്റെ സുപ്രധാന പ്രഖ്യാപനങ്ങൾ.
രാമക്ഷേത്രത്തവുമായി ബന്ധപ്പെട്ട കൊള്ള അയോധ്യ സന്ദർശിക്കുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടാവാൻ കാരണാമായെന്നും അദ്ദേഹം ആരോപിച്ചു. ‘അയോധ്യയുടെ അന്തസ്സും പ്രതാപവും വീണ്ടെടുക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സുതാര്യമായ ഭരണസംവിധാനത്തിലൂടെ ജനങ്ങളുടെ വിശ്വാസം ഞങ്ങൾ തിരികെ കൊണ്ടുവരും. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് അയോധ്യയെ സനാതന തീർഥാടനത്തിന്റെ ആഗോള തലസ്ഥാനമാക്കി ഞങ്ങൾ മാറ്റു’മെന്നും അഖിലേഷ് എക്സിൽ കുറിച്ചു.
അയോധ്യയെ കൊള്ളയടിച്ചത് പുറത്തുനിന്നുള്ളവരാണ്. തട്ടിപ്പിൽ പങ്കുള്ള ഒരു ബിജെപി നേതാവിനെയോ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയോ വെറുതെ വിടില്ല. അയോധ്യയെ ചൂഷണം ചെയ്ത് അവർ ഉണ്ടാക്കിയ അനധികൃത സമ്പാദ്യം കണ്ടുകെട്ടുമെന്നും അഖിലേഷ് മുന്നറിയിപ്പ് നൽകി.



