നാൽപ്പതാം വയസ്സിൽ വിരമിക്കണമെന്ന് കരുതിയിരുന്ന തനിക്ക് ഇപ്പോഴാണ് ജീവിതം ശരിക്കും തുടങ്ങുന്നതെന്ന് മനസ്സിലായതെന്ന് അവതാരക രഞ്ജിനി ഹരിദാസ്. തന്റെ ജീവിതത്തിലെ അനുഭവങ്ങളും നാൽപ്പതുകളിൽ വന്ന മാറ്റങ്ങളുമാണ് പുതിയ വീഡിയോയിലൂടെ രഞ്ജിനി പങ്കുവെച്ചത്. ഇരുപതുകൾ സന്തോഷകരമായിരുന്നെന്നും മുപ്പതുകളിൽ സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാക്കാനും ലോകം കാണാനും കഴിഞ്ഞെന്നും താരം പറയുന്നു.
ജീവിതത്തിലെ നഷ്ടങ്ങളും വേർപാടുകളും തന്നെ കൂടുതൽ പക്വതയുള്ള വ്യക്തിയാക്കി. ഇപ്പോൾ സ്വന്തം ഇഷ്ടങ്ങൾക്കും സന്തോഷത്തിനും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ടെന്നും രഞ്ജിനി പറഞ്ഞു. സാമ്പത്തിക സ്വാതന്ത്ര്യം വലിയ സമാധാനം നൽകുന്ന ഒന്നാണ്. അതുപോലെ, മറ്റുള്ളവർ എന്ത് പറയുമെന്നതിനെക്കുറിച്ച് ഇപ്പോൾ അധികം ചിന്തിക്കാറില്ലെന്നും താരം വ്യക്തമാക്കി.
സ്വന്തം ജീവിതം ജീവിക്കേണ്ടത് നമ്മൾ തന്നെയാണെന്ന സന്ദേശവും രഞ്ജിനി പങ്കുവെച്ചു. ജീവിതത്തിൽ സമാധാനം നിലനിർത്താൻ ചില കാര്യങ്ങളോട് നോ പറയാൻ പഠിക്കണമെന്നും രഞ്ജിനി പറയുന്നു. പ്രായം കൂടുന്തോറും സ്വന്തം മൂല്യം തിരിച്ചറിയാനും ഇഷ്ടമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താനും കഴിയുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ഈ അനുഭവങ്ങളാണ് തന്നെ കൂടുതൽ ആത്മവിശ്വാസമുള്ള വ്യക്തിയാക്കിയതെന്നും രഞ്ജിനി വ്യക്തമാക്കി.



