ഒരു ബംഗ്ലാവിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകൾ… ഭൂമിയിൽ നാശം വിതയ്ക്കാൻ ആകാശം നൽകുന്ന സൂചനകൾ… പ്രേക്ഷകരിൽ ആകാംക്ഷയും കൗതുകവും നിറച്ച് ‘ഭൗമ’ സിനിമയുടെ ട്രയിലർ പുറത്തിറങ്ങി. റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം മിസ്റ്ററി ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. നവംബർ 12ന് ചിത്രം തിയറ്ററുകളിലെത്തും.
“ഭൂമിയിൽ നാശം വിതയ്ക്കാൻ നേരത്തേ ആകാശം ഇങ്ങനെയുള്ള സൂചനകൾ കാണിക്കുന്നത്” എന്ന സംഭാഷണവും “നമ്മൾ വിചാരിക്കുന്നതിനപ്പുറത്തേക്ക് എന്തോ കളിയുണ്ട്” എന്ന പരാമർശവുമെല്ലാം ട്രയിലറിന്റെ ദുരൂഹത വർധിപ്പിക്കുന്നു. നാഷണൽ മീഡിയ വരെ റിപ്പോർട്ട് ചെയ്ത ഒരു വലിയ സംഭവത്തെക്കുറിച്ചുള്ള സൂചനകളും ട്രയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു ബംഗ്ലാവിനെ കേന്ദ്രീകരിച്ച് നടക്കുന്ന സംഭവങ്ങളും അതിന് പിന്നിലെ രഹസ്യങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയമെന്നാണ് ട്രയിലർ നൽകുന്ന സൂചന.
പുതുമയാർന്ന പ്രമേയവും വ്യത്യസ്തമായ അവതരണശൈലിയും കൊണ്ട് ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുന്നുണ്ട്. മഞ്ഞുമൂടിയ പശ്ചാത്തലവും ഇമ്പമാർന്ന ഗാനങ്ങളും ചിത്രത്തിന്റെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടുമെന്നാണ് പ്രതീക്ഷ. സമൂഹമാധ്യമങ്ങളിലും ട്രയിലർ ശ്രദ്ധ നേടിക്കഴിഞ്ഞു.
ആറ്റസ് ഫിലിംസിന്റെ ബാനറിൽ ബസം കാദിയാർ നിർമ്മിക്കുന്ന ചിത്രത്തിൽ സാഗർ സൂര്യ, ദിലീഷ് പോത്തൻ, വിനീത്, വിജയ് ബാബു, ജാഫർ ഇടുക്കി, രഘുനാഥ് പലേരി, സെന്തിൽ കൃഷ്ണ, മധുപാൽ, മണിക്കുട്ടൻ, ഭഗത് മാനുവൽ, സജിൻ ചെറുകയിൽ, ബിപിൻ പെരുമ്പള്ളി, ലെന, മെറിൻ ഫിലിപ്പ്, മോഷ, സെൻ ഗുപ്ത, രേവതി ശർമ്മ, കാവ്യാ ഭാനു, അനിതാ നായർ, പ്രവീണ, നിൽജ, ജെയിൻ ആൻഡ്രൂസ്, ബിനോജ് വില്യ, അപർണ ജോൺസ്, നസ്ലിൻ ജമീല തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഡോണി കടമ്മനിട്ടയാണ് കഥ. ക്രിസ്റ്റോ സേവ്യർ സംഗീതം നിർവഹിക്കുന്നു. ശരൺ വേലായുധനാണ് ഛായാഗ്രഹണം. സൂരജ് ഇ.എസ്. എഡിറ്റിംഗ് നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ അപ്പുണ്ണി സാജൻ, കലാസംവിധാനം സിബിൻ വർഗീസ്, മേക്കപ്പ് റോണി വെള്ളത്തൂവൽ, കോസ്റ്റ്യൂം ഡിസൈൻ ഗോപിക ഉണ്ണികൃഷ്ണൻ എന്നിവരാണ്.
കൊച്ചി, പീരുമേട് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. വാഴൂർ ജോസാണ് ചിത്രത്തിന്റെ വാർത്താപ്രചാരണം കൈകാര്യം ചെയ്യുന്നത്.
മിസ്റ്ററിയും ത്രില്ലറും ചേർന്ന ‘ഭൗമ’ നവംബർ 12ന് തിയറ്ററുകളിലെത്തുമ്പോൾ പ്രേക്ഷകർക്ക് മുന്നിൽ തുറക്കുന്നത് എന്തെല്ലാം രഹസ്യങ്ങളായിരിക്കും എന്നതാണ് സിനിമാപ്രേമികളുടെ ആകാംക്ഷ.



