ബിഗ് ബോസ് മലയാളം എട്ടാം സീസണിന് തുടക്കമായി. ഇനി മത്സരത്തിന്റെയും സൗഹൃദത്തിന്റെയും ഈഗോയുടെയും 100 ദിനങ്ങൾക്കാണ് മലയാള ടെലിവിഷൻ രംഗം സാക്ഷ്യം വഹിക്കാൻ പോകുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള 21 മത്സരാർഥികളാണ് പുതിയ സീസണിൽ മാറ്റുരയ്ക്കുന്നത്. പുതിയ സീസണിലും മോഹൻലാൽ തന്നെയാണ് ഷോ ഹോസ്റ്റ്.
കഴിഞ്ഞ സീസണിലെ പിആർ വിവാദങ്ങളും മറ്റും വലിയ ചർച്ചയായത് കൊണ്ട് തന്നെ ഇത്തവണ മത്സരാർത്ഥികൾ എന്തൊക്കെ തന്ത്രങ്ങളുമായാണ് ബിഗ് ബോസ് വീട്ടിലേക്ക് എത്തുന്നത് എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ആദ്യമായി കോമണെഴ്സിനെ തിരഞ്ഞെടുക്കാൻ അഗ്നിപരീക്ഷ എന്ന പ്രത്യേക പ്രീ ഷോ ഇത്തവണയുണ്ടായിരുന്നുവെന്നതും പുതിയ സീസണിന്റെ പ്രത്യേകതയായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 40 സാധാരണക്കാരായിരുന്നു അഗ്നിപരീക്ഷയിൽ മാറ്റുരച്ചത്.
അതിൽ അവസാന റൗണ്ടിലെത്തിയത് 12 പേരായിരുന്നു. രഞ്ജിനി ഹരിദാസ്, റിയാസ് സലിം, അഖിൽ മാരാർ എന്നിവരായിരുന്നു അഗ്നിപരീക്ഷയിൽ ജഡ്ജസായി എത്തിയത്. മൂന്ന് പേരും കഴിഞ്ഞ ബിഗ് ബോസ് സീസണുകളിലെ മികച്ച മത്സരാർത്ഥികളായിരുന്നു. ഷോയിലെത്തിയ നാല്പതുപേരെ വിലയിരുത്തി അതിൽ നിന്നും പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തത് ജഡ്ജസ് തന്നെയാണ്.



