തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാർ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പുതിയ വെളിപ്പെടുത്തലോടെ ജിഎൻഎ കരാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഇതുവരെ നടത്തിയ അവകാശവാദങ്ങളെല്ലാം വാസ്തവവിരുദ്ധമാണെന്ന് തെളിഞ്ഞതായി പിണറായി ആരോപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരണം നൽകണമെന്നും അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പിണറായിയുടെ പ്രതികരണം.
കെഎസ്ഇബി വൈദ്യുതി വാങ്ങാൻ സമ്മർദ്ദം ചെലുത്തിയിട്ടില്ലെന്നും ജിഎൻഎ കരാർ അപ്രായോഗികമാണെന്നും വൈദ്യുതി മന്ത്രി തന്നെ വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയുടെ വാദങ്ങൾ ദുർബലമായെന്ന് പിണറായി പറഞ്ഞു. ജിഎൻഎ വൈദ്യുതി ഉത്പാദകരോ ലൈസൻസുള്ള ട്രേഡറോ അല്ലെന്നും ഇടനില ഏജൻസി മാത്രമാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി നേരത്തെ പുച്ഛിച്ചുതള്ളിയിരുന്നു. എന്നാൽ ഇപ്പോൾ സ്വന്തം മന്ത്രിയുടെ പരാമർശം മുഖ്യമന്ത്രിയുടെ നിലപാടിന് വിരുദ്ധമായിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ജിഎൻഎയ്ക്ക് വേണ്ടി തീരുമാനമെടുത്തത് താനാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. അതിനാൽ കരാറുമായി ബന്ധപ്പെട്ട ദുരൂഹമായ നീക്കങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെയാണോ നടന്നതെന്ന് വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. വിവാദം ശക്തമായപ്പോൾ മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം ഐഎഎസ് സർക്കാരിൽ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണം ഉന്നയിച്ച് ഉത്തരവാദിത്തം ഉദ്യോഗസ്ഥന്റെ തലയിൽ കെട്ടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്ഇബിയുടെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായിട്ടില്ലെന്ന വൈദ്യുതി മന്ത്രിയുടെ പ്രസ്താവന മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യം ഉന്നയിച്ച നിലപാടിനോട് യോജിക്കുന്നതാണെന്നും പിണറായി പറഞ്ഞു. അന്വേഷണവുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിന്നീട് അതിൽനിന്ന് പിന്നോട്ടുപോയത് സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളെ അതേ മന്ത്രിസഭയിലെ അംഗം തന്നെ പരസ്യമായി നിരാകരിച്ചത് സർക്കാരിനുള്ളിലെ ഭിന്നതയും കൂട്ടുത്തരവാദിത്തമില്ലായ്മയുമാണ് വ്യക്തമാക്കുന്നതെന്നും പോസ്റ്റിൽ പറയുന്നു.
ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാതെ കേരളത്തിലെ വൈദ്യുതി സാഹചര്യം കൈകാര്യം ചെയ്യാമെന്ന് റെഗുലേറ്ററി കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും പിണറായി പറഞ്ഞു. എന്നാൽ ജൂൺ മുതൽ സെപ്റ്റംബർ വരെ ആവശ്യമായ ഇടപെടലുകൾ നടത്താതിരുന്നത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ജിഎൻഎ കരാറുമായി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ മനഃപൂർവം ഇടപെടലുകൾ ഒഴിവാക്കി വീണ്ടും വൈദ്യുതി പ്രതിസന്ധിയുണ്ടാക്കാൻ നീക്കമുണ്ടാകുമോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.
ജിഎൻഎ കരാറിന് വേണ്ടി ആരാണ് സമ്മർദ്ദം ചെലുത്തിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാനത്ത് ഇല്ലാത്ത വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി മാപ്പുപറയണമെന്നും പിണറായി ആവശ്യപ്പെട്ടു. വൈദ്യുതി മന്ത്രിയുടെ വെളിപ്പെടുത്തലുകളിൽ നിന്ന് ഒഴിഞ്ഞുമാറാതെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും വിഷയത്തിൽ അടിയന്തരമായി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.



