നിതേഷ് തിവാരിയുടെ സംവിധാനം ചെയ്ത ‘രാമായണ’ സിനിമയിൽ സീതയായി എത്തിയ സായ് പല്ലവിക്കെതിരായ വിമർശനങ്ങളിൽ പ്രതികരണവുമായി നടൻ ധനുഷ്. സീതയുടെ വേഷം അവതരിപ്പിക്കാൻ സായ് പല്ലവിയേക്കാൾ മികച്ചൊരു താരം രാജ്യത്തുതന്നെ ഉണ്ടാകില്ലെന്നാണ് ധനുഷ് പറഞ്ഞത്.. ഇരുവരും ഒന്നിക്കുന്ന ‘ഓം’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ റിലീസ് ചടങ്ങിലായിരുന്നു ധനുഷിന്റെ പ്രതികരണം. ‘സീതയുടെ വേഷത്തിൽ സായ് പല്ലവിയെ അവതരിപ്പിച്ചതിനെക്കുറിച്ച് നിരവധി വിമർശനങ്ങളും ചർച്ചകളും നടക്കുന്നുണ്ട്. അതിന്റെ കാരണം എനിക്ക് മനസ്സിലാകുന്നില്ല.
ഷൂട്ടിങ്ങിനിടയിലെ ഇടവേളകളിൽ പോലും അവർ പ്രാർഥിച്ചുകൊണ്ടിരിക്കുമായിരുന്നു. ദൈവത്തോട് അത്രയേറെ ഭക്തിയും ശുദ്ധമായ മനസ്സുമുള്ള വ്യക്തിയാണ് സായ്. അതീവസുന്ദരിയാണ്. ഗംഭീര അഭിനേത്രിയുമാണ്. ഇന്ത്യ മുഴുവൻ തിരഞ്ഞാലും സായ് പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’ എന്നായിരുന്നു ധനുഷിന്റെ വാക്കുകൾ. സായ് പല്ലവിക്കൊപ്പമുള്ള മുൻകാല അനുഭവങ്ങളും ധനുഷ് ചടങ്ങിൽ പങ്കുവെച്ചു. ‘മാരി 2’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ആദ്യമായി സായ് പല്ലവിയെ പരിചയപ്പെടുന്നത്.
അന്ന് വളരെ നിഷ്കളങ്കയും അധികം സംസാരിക്കാത്ത പ്രകൃതക്കാരിയുമായിരുന്നു താരമെന്ന് ധനുഷ് ഓർത്തെടുത്തു. എന്നാൽ ഒൻപത് വർഷങ്ങൾക്കുശേഷം ‘ഓം’ സിനിമയുടെ സെറ്റിൽ വീണ്ടും കണ്ടപ്പോൾ സായ് പല്ലവിയിൽ വലിയ മാറ്റമാണ് കണ്ടതെന്നും അഭിനയത്തിലും സംസാരത്തിലും ശരീരഭാഷയിലുമെല്ലാം ആത്മവിശ്വാസം പ്രകടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.



