തിരുവനന്തപുരം: സർക്കാർ ഭൂമിയിൽ പാറപൊട്ടിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് നേരിട്ട് അനുമതി നൽകാൻ അധികാരം. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായിരുന്ന ഇ-ടെൻഡർ വ്യവസ്ഥ ഒഴിവാക്കി സംസ്ഥാന സർക്കാർ പുതിയ ഉത്തരവിറക്കി. പാറപൊട്ടിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
ലീസ് റെന്റും സെക്യൂരിറ്റി ഡെപ്പോസിറ്റും അടയ്ക്കുന്നവർക്ക് ഏഴ് മുതൽ 12 വർഷം വരെ അനുമതി നൽകാനാണ് വ്യവസ്ഥ. പാറപൊട്ടിക്കുന്ന സ്ഥലത്തിന് ചുറ്റും സ്വകാര്യ ഭൂമിയാണെങ്കിൽ ആവശ്യമായ വഴിസൗകര്യം അപേക്ഷകൻ തന്നെ കണ്ടെത്തണമെന്നതാണ് പ്രധാന നിബന്ധന.
പാറ ഉൽപ്പന്നങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കേരളത്തിൽ നിർമാണ മേഖലയുമായി ബന്ധപ്പെട്ട് പ്രതിസന്ധി രൂപപ്പെട്ടിരുന്നു. സംസ്ഥാനത്തെ ആഭ്യന്തര ഉൽപ്പാദനം വർധിപ്പിച്ച് ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് നടപടിക്രമങ്ങൾ ലളിതമാക്കുന്നതെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
നേരത്തെയുണ്ടായിരുന്ന ഇ-ടെൻഡർ നടപടികളിലൂടെ അനുമതി നൽകുന്നതിനുള്ള നടപടികൾ പൂർത്തിയാക്കാൻ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് സാധിച്ചത്. ഇ-ടെൻഡർ വ്യവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ലാൻഡ് റവന്യൂ കമ്മീഷണറും ജില്ലാ കളക്ടർമാരും സർക്കാരിന് ശുപാർശ നൽകിയിരുന്നു.
2021 ജനുവരി 28ലെ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് ഒക്ടോബർ ഏഴിന് പുതിയ ഉത്തരവ് പുറത്തിറക്കിയത്. പുതിയ തീരുമാനം പാറ ഉൽപ്പാദനം വർധിപ്പിക്കാനും സംസ്ഥാനത്തെ നിർമാണ മേഖലയിലെ പ്രതിസന്ധി കുറയ്ക്കാനും സഹായിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.



