ജെഇഇ പരീക്ഷാ കേന്ദ്രം ബഹ്‌റൈനിൽ; പതിനേഴോളം വിദ്യാർത്ഥികൾ ആശങ്കയിൽ

മനാമ: ജെഇഇ പരീക്ഷക്ക് ഇന്ത്യയ്ക്ക് പുറത്തും പരീക്ഷാ കേന്ദ്രങ്ങൾ വന്നതിൽ ആശങ്കയിലാണ് വിദ്യാർത്ഥികൾ. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകളിൽ ഉണ്ടായിരിക്കുന്ന കുറവും ഉയർന്ന ടിക്കറ്റ് നിരക്കുംമൂലം വലയുകയാണ് പതിനേഴോളം ഇന്ത്യൻ വിദ്യാർത്ഥികൾ. ഈ വിദ്യാർത്ഥികൾ ബഹ്‌റൈനിൽ നിന്നും ഇന്ത്യയിലേക്ക് പരീക്ഷാ കേന്ദ്രം മാറ്റുന്നതിനായി എൻടിഎ ഒഫീഷ്യൽ സൈറ്റിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഏകദേശം 39ഓളം വിദ്യാർത്ഥികൾ പരീക്ഷയ്ക്കായി ഇന്ത്യയിലെത്തിയതായാണ് വിവരം. ഇതിൽ 22 വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റികിട്ടിയെങ്കിലും ഇനിയും 17 വിദ്യാർത്ഥികളുടെ പരീക്ഷ കേന്ദ്രത്തിൽ തീരുമാനം ആവാനുണ്ട്.
ഇവരുടെ അഡ്മിറ്റ് കാർഡുകൾ പുറത്തിറങ്ങിയപ്പോൾ അവർ നൽകിയ ഇന്ത്യൻ പരീക്ഷാ കേന്ദ്രങ്ങൾക്ക് പകരം ‘ഇന്ത്യൻ സ്കൂൾ, ബഹ്‌റൈൻ’ തന്നെ ആണ് ഇപ്പോഴും ഉള്ളത്. ഇതോടെ വിദ്യാർത്ഥികൾ വലിയ ആശങ്കയിലാണ്. പരീക്ഷ കേന്ദ്രം മാറ്റണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് വിദ്യാർത്ഥികളും മാതാപിതാക്കളും എൻടിഎ പോർട്ടലിൽ നിരവധി തവണ അപേക്ഷ നൽകിയിരുന്നു. കൂടാതെ വിഷയം ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പിആർഒ സുധീർ തിരുനിലത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രാധാന് കത്ത് അയക്കുകയും ചെയ്തു. എത്രയും പെട്ടന്ന് അധികൃതർ വിഷയത്തിൽ ഇടപെടണമെന്നും പരിഹാരം കണ്ടെത്തണമെന്നും കത്തിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *