ന്യൂഡൽഹി: ചലോ ദില്ലി പ്രതിഷേധ റാലിയിൽ പങ്കെടുക്കാത്തതിനെ തുടർന്ന് മധ്യപ്രദേശിലെ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കൂട്ടനടപടി. ഒമ്പത് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെ 60 പേരെയാണ് സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. നേതൃത്വത്തിന്റെ നിർദേശങ്ങൾ പാലിക്കാത്തതും സംഘടനാ അച്ചടക്കലംഘനവും ചൂണ്ടിക്കാട്ടിയാണ് നടപടി.
എസ്‌ഐആറിനെതിരെ ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന പ്രതിഷേധ റാലിയിൽ പങ്കെടുക്കാൻ പാർട്ടി ഭാരവാഹികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ നിർദേശം ഉണ്ടായിട്ടും ഇവർ റാലിയിൽ പങ്കെടുത്തില്ലെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നത്. സംഘടനാ അച്ചടക്കം ഉറപ്പാക്കുന്നതിനും നേതൃത്വത്തിന്റെ നിർദേശങ്ങൾ നടപ്പാക്കുന്നതിനുമുള്ള നടപടിയാണിതെന്നാണ് പാർട്ടിയുടെ വിശദീകരണം.
സസ്‌പെൻഷൻ നേരിട്ടവരിൽ ഒമ്പത് ജില്ലാ പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 14 ജനറൽ സെക്രട്ടറിമാർ, 32 സെക്രട്ടറിമാർ എന്നിവരാണ് ഉൾപ്പെടുന്നത്.
അതേസമയം, കൂട്ടനടപടിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നടപടി സ്വീകരിക്കുന്നതിന് മുമ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകുകയോ വിശദീകരണം തേടുകയോ ചെയ്തില്ലെന്നാണ് സസ്‌പെൻഷൻ നേരിട്ട നേതാക്കളുടെ പരാതി. എസ്‌ഐആർ വിഷയത്തിൽ കോൺഗ്രസ് ഡൽഹിയിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് മധ്യപ്രദേശിലെ യൂത്ത് കോൺഗ്രസ് നേതൃത്വത്തിനെതിരായ നടപടി ഉണ്ടായത്.



