ചെറുപ്പം മുതലേ അല്ലു അർജുന്റെ കടുത്ത ആരാധികയാണ് താനെന്ന് തുറന്നുപറഞ്ഞ് നടി അനശ്വര രാജൻ. അല്ലു അർജുൻ ഒരു തെലുങ്ക് നടനാണെന്ന് പോലും അറിയാതെയാണ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ടുവളർന്നതെന്നും താരം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ സിനിമകളെല്ലാം മലയാളം ഡബ്ബിങ്ങിലൂടെയാണ് കണ്ടിരുന്നത്.
ഗേൾ ഫോർമുലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനശ്വര തന്റെ ആരാധനയെക്കുറിച്ച് മനസ്സ് തുറന്നത്. അല്ലു അർജുന്റെ ഹിറ്റ് ചിത്രം ‘ഹാപ്പി’ വീണ്ടും കേരളത്തിലെ തിയേറ്ററുകളിൽ എത്തിയപ്പോഴുണ്ടായ അനുഭവവും താരം പങ്കുവെച്ചു. സിനിമ കാണാനുള്ള ആഗ്രഹം കാരണം ഒരു ഫ്ലൈറ്റ് വരെ മിസ് ചെയ്തെന്നാണ് അനശ്വരയുടെ വെളിപ്പെടുത്തൽ.
സുഹൃത്തുക്കൾക്കൊപ്പമാണ് താരം സിനിമ കാണാൻ എത്തിയത്. തിയേറ്ററിൽ ആരാധകർ സിനിമ ആഘോഷിച്ച രീതിയാണ് തന്നെ ഏറെ സന്തോഷിപ്പിച്ചതെന്നും പാട്ടുകൾക്കൊപ്പം പ്രേക്ഷകർ ഡാൻസ് ചെയ്തതും മറക്കാനാവാത്ത അനുഭവമായിരുന്നെന്നും അനശ്വര പറഞ്ഞു. മലയാളത്തിലെ താരങ്ങളെ ആരാധകർ ആഘോഷിക്കുന്ന അതേ ആവേശമാണ് അല്ലു അർജുന് വേണ്ടിയും കണ്ടതെന്നും താരം കൂട്ടിച്ചേർത്തു.ചെറുപ്പത്തിലെ ആരാധന ഇന്നും അതുപോലെ തുടരുകയാണെന്നാണ് അനശ്വരയുടെ വാക്കുകൾ. താരത്തിന്റെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്.



