ഷാർജ: മഴക്കാലത്ത് കൊതുകുകൾ പെരുകുന്നത് തടയാൻ മാർഗനിർദേശങ്ങളുമായി ഷാർജ മുൻസിപ്പാലിറ്റി. പൊതുജനങ്ങളുടെ ആരോഗ്യം ലക്ഷ്യമിട്ടാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൊതുകിനെ തുരത്തുന്നതിനോടൊപ്പം പ്രകൃതി സംരക്ഷണവും ഇതിന്റെ മറ്റൊരു ലക്ഷ്യമാണ്. താമസസ്ഥലങ്ങൾക്ക് ചുറ്റിനും മഴവെള്ളം കെട്ടിക്കിടക്കുന്നത് തടയണമെന്നതാണ് മുനിസിപ്പാലിറ്റിയുടെ പ്രധാന നിർദേശം. കൂടാതെ വെള്ളം കെട്ടിക്കിടക്കുന്നത് പതിവായി പരിശോധിക്കാനും ജനങ്ങൾക്ക് നിർദേശമുണ്ട്. പൂന്തോട്ടം പരിപാലിക്കുക, അനാവശ്യമായി വളരുന്ന കുറ്റിച്ചെടികളും, പുല്ലുകളും വെട്ടുകയും വേണം . കേടുവന്ന ടയറുകൾ, പൊട്ടിയ പത്രങ്ങൾ, പൂച്ചട്ടികൾ എന്നിവയിൽ കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇതിലൂടെ രോഗങ്ങൾ പടരാനും സാധ്യതയേറെയാണ്. ഇത് കണക്കിലെടുത്ത് പരിസരം വൃത്തിയായി സൂക്ഷിക്കണമെന്നും ഷാർജാ മുൻസിപ്പാലിറ്റി അറിയിച്ചു.
അതേസമയം സൗജന്യ കീട നിയന്ത്രണ സേവനങ്ങളും മുൻസിപ്പാലിറ്റി വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി കീട നിയന്ത്രണ സേവനങ്ങൾ ലഭ്യമാവാൻ താമസക്കാർക്ക് മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് വഴിയോ 993 നമ്പറിൽ വിളിച്ചോ അപേക്ഷിക്കാവുന്നതാണ്. പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ സ്വന്തം ആരോഗ്യം മാത്രമല്ല മറ്റുള്ളവരുടെ ആഗോഗ്യത്തെ കൂടെയാണ് സംരക്ഷിക്കുന്നതെന്നും മുൻസിപ്പാലിറ്റി വ്യക്തമാക്കി.
മഴക്കാലത്ത് കരുതലുമായി ഷാർജ മുൻസിപ്പാലിറ്റി
