കോഴിക്കോട്: തെറ്റ് അംഗീകരിച്ച് മാപ്പപേക്ഷ നൽകിയാൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്നാണ് സർക്കാരിന്റെയും സർവകലാശാലയുടെയും നിലപാടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്നും ഇനിയും പരീക്ഷ എഴുതാൻ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
കാലടി സർവകലാശാലയിലെ വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമാകുന്ന രീതിയിലുള്ള സമരങ്ങൾ അംഗീകരിക്കാനാകില്ല. സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ച ശേഷമുള്ള ആദ്യ യോഗദിവസം തന്നെ പ്രതിഷേധം സംഘടിപ്പിച്ചവരാണ് വിദ്യാർഥികളെന്നും മന്ത്രി വിമർശിച്ചു. അക്രമത്തിലൂടെയും ഭീഷണിയിലൂടെയും അരാജകത്വം സൃഷ്ടിച്ചാണോ സമരം ചെയ്യേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ചില ക്യാംപസുകൾ പാർട്ടി ഗ്രാമങ്ങൾ പോലെയാണ് പ്രവർത്തിക്കുന്നതെന്നും അവിടെ നടന്ന കാര്യങ്ങൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു. കാലടി സർവകലാശാലയിൽ വർഷങ്ങളായി പലതരത്തിലുള്ള ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അവ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സസ്പെൻഷൻ കാലയളവിൽ ചില വിദ്യാർഥികൾ ക്യാംപസിൽ പ്രവേശിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതായും മന്ത്രി ആരോപിച്ചു. മഹാരാജാസ് കോളേജിലെ പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ എത്രപേർ ആ ക്യാംപസിലെ വിദ്യാർഥികളാണെന്നും അദ്ദേഹം ചോദിച്ചു. ക്യാംപസുമായി ബന്ധമില്ലാത്ത എസ്എഫ്ഐ നേതാക്കളടക്കം പ്രതിഷേധത്തിനെത്തിയെന്നും ആരോപിച്ചു.
അതേസമയം, വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റ് അംഗീകരിച്ച് തിരിച്ചെത്തുന്ന വിദ്യാർഥികളെ പൂർണമായും സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ രാഷ്ട്രീയവുമായി യാതൊരു തരത്തിലുള്ള സന്ധിയുമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.



