കൊച്ചി: നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരല്ലെന്ന് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. സിപിഐഎമ്മിന്റെ പേര് പറഞ്ഞ് നടക്കുന്ന ചിലരായിരിക്കാം ആക്രമണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുമായി തനിക്ക് നല്ല വ്യക്തിബന്ധമുണ്ടെന്നും രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നയാളാണ് താനെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയൻ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ട് അദ്ദേഹം മാർക്സിസ്റ്റ് പാർട്ടി വിടാൻ പോവുകയാണോയെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാത്ത സാഹചര്യം ഇ.പി. ജയരാജൻ വിളിച്ചറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
താൻ അടിമുടി ബിജെപിക്കാരനാണെങ്കിലും എല്ലാവരുമായും നല്ല ബന്ധം പുലർത്തുന്നുണ്ട്. കേരളവർമ കോളേജിൽ എസ്എഫ്ഐയുടെ വോട്ടുകൊണ്ടാണ് താൻ വിജയിച്ചതെന്നും രാഷ്ട്രീയത്തിനപ്പുറം മനുഷ്യബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതാണ് തന്റെ സമീപനമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിൽ സിപിഐഎം പ്രവർത്തകർ ചെറുതാവുകയാണെന്നും പാർട്ടിയുടെ നേതാക്കൾ ഇത്തരം പ്രവൃത്തികൾ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുൽഖർ സൽമാനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതിനാലാണ് മമ്മൂട്ടി ബിജെപി നേതാവുമായി അടുപ്പം പുലർത്തുന്നതെന്ന ആരോപണവും ഗോപാലകൃഷ്ണൻ തള്ളി. സിപിഐഎം പ്രവർത്തകരുടെ അൽപ്പത്തം കൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നതെന്നും മമ്മൂട്ടിയുടെ മഹാമനസ്സിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നതിനെത്തുടർന്ന് മമ്മൂട്ടി ബി. ഗോപാലകൃഷ്ണന്റെ വീട്ടിലെത്തിയത്. വിവാഹത്തിന് ആശംസകൾ നേരാനായിരുന്നു സന്ദർശനം. ഈ സന്ദർശനത്തിന് പിന്നാലെ ഉയർന്ന രാഷ്ട്രീയ ചർച്ചകളോടായിരുന്നു ബിജെപി നേതാവിന്റെ പ്രതികരണം.



