ന്യൂഡൽഹി: ക്ഷേത്രത്തിലെത്തുന്നവർ വിശ്വാസികളല്ലെങ്കിൽപ്പോലും അവിടത്തെ ചട്ടങ്ങളും ആചാരങ്ങളും പാലിക്കണമെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്‌നങ്ങൾ പരിശോധിക്കുന്ന ഒൻപതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. വ്യക്തിസ്വാതന്ത്ര്യം വിശ്വാസിസമൂഹത്തിന്റെ മതപരമായ അവകാശത്തെ ഹനിക്കരുതെന്ന് എൻ.എസ്.എസ്., അയ്യപ്പസേവാസമാജം, ക്ഷേത്രസംരക്ഷണ സമിതി എന്നിവർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ വാദിച്ചു. ശബരിമലയിൽ എല്ലാ മതക്കാർക്കും പ്രവേശനമുണ്ട്. എന്നാൽ, ശബരിമലയിൽ പോകുന്നവർ അവിടത്തെ പ്രതിഷ്ഠയുടെ ചൈതന്യത്തിൽ വിശ്വസിക്കുകയും ആചാരങ്ങൾ പാലിക്കുകയും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി .
വ്യത്യസ്ത വിശ്വാസിസമൂഹങ്ങളിൽപ്പെട്ടവരാണ് ഹിന്ദുക്കളെന്നും എന്നാൽ, ക്ഷേത്രത്തിലെത്തിയാൽ അവിടത്തെ സമ്പ്രദായങ്ങൾ പിന്തുടരണമെന്നും ജസ്റ്റിസ് നാഗരത്ന കൂട്ടിച്ചേർത്തു. വിശ്വാസിയല്ലാത്തയാൾ ക്ഷേത്രത്തിൽ പോകുകയാണെങ്കിലും അവിടത്തെ ചട്ടങ്ങൾ പാലിക്കണമെന്നും അപ്പോൾ അവിശ്വാസം പ്രകടിപ്പിക്കാനുള്ള അയാളുടെ അവകാശം താത്കാലികമായി ഇല്ലാതാകുമെന്നും ജസ്റ്റിസ് ജോയ്മല്യാ ബാഗ്ചി വ്യക്തമാക്കി. ഗുരുവായൂർ ഉൾപ്പെടെ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് കയറാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്തും ജസ്റ്റിസ് എം.എം. സുന്ദരേഷും വ്യക്തമാക്കി.
