തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 17കാരനായ അഭിറാമിന്റെ കൊലപാതകത്തിൽ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന്റെ പ്രധാന ആസൂത്രകൻ 22കാരനായ ഉമറാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. 17കാരനായ ഒന്നാം പ്രതി ഉമറിന്റെ സഹായിയായിരുന്നുവെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് ഉമർ മോഷണം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം മറ്റൊരിടത്തേക്ക് മാറ്റാനായിരുന്നു പ്രതികളുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.
ഇതിനായി ചാക്കും വാങ്ങിയിരുന്നു. എന്നാൽ ശക്തമായ മഴ പെയ്തതോടെ പദ്ധതി ഉപേക്ഷിച്ച് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളഞ്ഞു. ഉമറിന്റെ പെൺസുഹൃത്ത് ഐശ്വര്യ നൽകിയ മൊഴിയിലും നിർണായക വിവരങ്ങളുണ്ടെന്നാണ് റിപ്പോർട്ട്. കൊലപാതകത്തിൽ പങ്കില്ലെന്ന് വരുത്തിത്തീർക്കാൻ ഉമർ ഇൻസ്റ്റഗ്രാമിലൂടെ സന്ദേശം അയച്ചതായും പൊലീസ് സംശയിക്കുന്നു. അഭിറാമിന്റെ മൊബൈൽ ഫോൺ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുകയാണ്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളും ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങളും പുറത്തുകൊണ്ടുവരാനാണ് പൊലീസിന്റെ ശ്രമം. കേസിൽ കൂടുതൽ വ്യക്തത വരും ദിവസങ്ങളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.



