10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് താമര വിരിഞ്ഞെന്ന അവകാശവാദവുമായി ബിജെപി നേതാക്കൾ. തൂക്കുസഭയിൽ 30ലേറെ സീറ്റുകൾ നേടി കറുത്ത കുതിരകൾ ആവുമെന്ന് പുറത്തു പറയുമ്പോഴും നിലവിൽ ബിജെപിയുടെ വിലയിരുത്തൽ രണ്ട് സീറ്റുകൾ ഉറപ്പെന്നാണ്. നേമത്ത് രാജീവ് ചന്ദ്രശേഖറിന്‍റെയും കഴക്കൂട്ടത്ത് വി മുരളീധരന്‍റെയും വിജയം ഉറപ്പെന്ന് വിലയിരുത്തിയാണ് ഇന്നലെ രാത്രി വൈകി നേതാക്കൾ പിരിഞ്ഞത്. കാട്ടാക്കട, വട്ടിയൂർകാവ്, ആറ്റിങ്ങൽ, ചാത്തന്നൂർ, മഞ്ചേശ്വരം, പാലക്കാട്, അടക്കം 10 ഇടങ്ങളിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്നും ബിജെപി വിലയിരുത്തുന്നു.

നേമത്ത് ന്യൂനപക്ഷ വോട്ടുകൾ രണ്ടായി വിഭജിച്ചെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ശിവൻകുട്ടിക്കും ശബരീനാഥിനുമായി ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കപ്പെട്ടപ്പോൾ നിഷ്പക്ഷ, യുവ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചെന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തൽ. ശബരിമല വിഷയം ചർച്ചാ വിഷയമായത് കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് എതിരും വി മുരളീധരന് അനുകൂലവുമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. വട്ടിയൂർക്കാവിലും കാട്ടാക്കടയിലെ ഉയർന്ന പോളിങിലും ബിജെപിക്ക് പ്രതീക്ഷയുണ്ട്. മഞ്ചേശ്വരത്ത് ഇത്തവണ പ്രവാസി വോട്ടുകൾ കൂട്ടമായി എത്താത്തത് സുരേന്ദ്രന് ഗുണകരമാകുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പാലക്കാടും ചാത്തന്നൂർ, മണലൂർ പോലുള്ള മണ്ഡലങ്ങളിലും അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് ബിജെപി കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *