കുവൈത്ത് സിറ്റി: കുവൈത്തിൽ വരുന്ന ഞായറഴ്ച മുതൽ കുരുന്നുകൾ വീണ്ടും വിദ്യാലയത്തിലേക്ക്. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്‌സറികളാണ് ഞായറാഴ്‌ച്ച മുതൽ പ്രവർത്തനം ആരംഭിക്കുന്നത്. സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ നിർദേശപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്. കുട്ടികളെ വീണ്ടും സ്കൂൾ അന്തരീക്ഷത്തിലേക്ക് എത്തിക്കുക എന്നതിലുപരി കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതലോടുകൂടിയാണ് നഴ്‌സറികൾ തുറക്കുന്നതെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ സുരക്ഷാ മുൻനിർത്തി സ്കൂൾ സമയം രാവിലെ മാത്രമായി ചുരുക്കി. ഒരു ദിവസം പരമാവധി നാല് മണിക്കൂർ മാത്രമായിരിക്കും സ്കൂൾ പ്രവർത്തിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ രക്ഷിതാക്കളുടെ താല്പര്യം അനുസരിച്ച് കുട്ടികളെ അയക്കാനുള്ള ഓപ്ഷനാണ് ഒരുക്കിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഈ കാലയളവിൽ വിനോദ പരിപാടികളോ മറ്റ് ആഘോഷങ്ങളോ അനുവദിക്കില്ലെന്നും മന്ത്രാലം അറിയിച്ചു. കുട്ടികൾക്ക് അമിതഭാരം കൊടുക്കാതെയുള്ള സുരക്ഷിതമായ സ്കൂൾ അന്തരീക്ഷത്തിലേക്ക് അവരെ തിരികെ കൊണ്ടുവരുന്നതിനായിരിക്കും മുൻഗണന നൽകുന്നത്.
