മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍ സി.കെ വിനീതിന്റെ യാത്രാവിവരണം ഉടന്‍ പുറത്തിറങ്ങും

ലയാളിയും മുന്‍ ഇന്ത്യന്‍ ഫുട്‌ബോളറുമായ സി.കെ വിനീത് എഴുതിയ യാത്രാവിവരണം ഉടന്‍ പുറത്തിറങ്ങും. പുസ്തകത്തിന്റെ കവര്‍പേജ് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി നിര്‍വഹിച്ചു. പുസ്തകം ഓഗസ്റ്റ് രണ്ടാം വാരം പുറത്തിറങ്ങും. 63 ദിവസങ്ങളായി 14 സംസ്ഥാനങ്ങളിലൂടെ ഏകദേശം 17620 കിലോമീറ്ററുകള്‍ സഞ്ചരിച്ചതിന്റെ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍. പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സികെ വിനീത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു.

എന്നും മനസ്സില്‍ കൊണ്ടുനടന്നൊരു വലിയ സ്വപ്നമായിരുന്നു ഇന്ത്യ മുഴുവന്‍ കണ്ടറിയണം എന്നത്. പലതവണ പദ്ധതികള്‍ തയ്യാറാക്കിയെങ്കിലും, ഓരോരോ കാരണങ്ങളാല്‍ അതൊന്നും നടക്കാതെ പോയി. കോവിഡ് കാലത്ത് ഈസ്റ്റ് ബംഗാള്‍ ടീമില്‍ നിന്നുള്ള അപ്രതീക്ഷിത പുറത്താകലിന് പിന്നാലെ, ഗോവയില്‍ നിന്ന് കണ്ണൂരിലെ വീട്ടിലേക്ക് വണ്ടിയോടിക്കുമ്പോള്‍ ഉള്ളിലെ ‘ഇനി എന്ത്?’ എന്ന ചോദ്യത്തിന് മുന്നില്‍ പകച്ചുനിന്ന ഏതോ ഒരു നിമിഷത്തിലാണ്, പണ്ടെങ്ങോ മാറ്റിവെച്ച ആ സ്വപ്നം വീണ്ടും മുളപൊട്ടിയത്. അന്നത്തെ മാനസികാവസ്ഥയും ഉള്ളിലെ അടങ്ങാത്ത യാത്രാമോഹവും ചേര്‍ന്നാണ് എന്നെ ആ വലിയ യാത്രയിലേക്ക് ഇറക്കിവിട്ടത്. 63 ദിവസങ്ങള്‍… 14 സംസ്ഥാനങ്ങള്‍ ഏകദേശം 17620 കിലോമീറ്ററുകള്‍… ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെ നടത്തിയ ആ യാത്ര എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അനുഭവങ്ങളില്‍ ഒന്നായി മാറി.

മടങ്ങിയെത്തിയപ്പോള്‍, ഞാന്‍ കണ്ടതും അനുഭവിച്ചതുമെല്ലാം എഴുതിവെക്കണമെന്നത് അച്ഛന്റെ വലിയൊരു ആഗ്രഹമായിരുന്നു. പക്ഷേ, ഒരു പുസ്തകമെഴുതാനുള്ള ആത്മവിശ്വാസം എനിക്കൊരിക്കലുമില്ലായിരുന്നു. മറ്റാരെയെങ്കിലും കൊണ്ട് എഴുതിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, ഒടുവില്‍ ഗതികെട്ട് ഞാന്‍ തന്നെ പേനയെടുക്കേണ്ടി വന്നു . അതു കൊണ്ടു തന്നെ ആ അനുഭവങ്ങള്‍ക്ക് വാക്കുകള്‍ നല്‍കാന്‍ നീണ്ട നാലര വര്‍ഷം വേണ്ടിവന്നു. ഒരുപാട് മനുഷ്യരുടെ സ്‌നേഹവും പിന്തുണയും സഹായവും ചേര്‍ന്നാണ് ഇന്ന് ആ യാത്ര ഒരു പുസ്തകമായി മാറുന്നത്. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന എന്റെ ആദ്യ പുസ്തകം ”ഒരു പന്തുകളിക്കാരന്റെ ഇന്ത്യന്‍ യാത്രകള്‍” എന്ന പേരില്‍ നിങ്ങളിലേക്ക് എത്തുകയാണ്.

എന്റെ പ്രിയപ്പെട്ട ക്യാപ്റ്റനും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഇതിഹാസവുമായ സുനില്‍ ഛേത്രിയുടെ കൈകളിലൂടെ ഈ പുസ്തകത്തിന്റെ കവര്‍ പേജ് ഇന്ന് നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നുവെന്നും വിനീത് പറഞ്ഞു. പുസ്തകം ഓഗസ്റ്റ് രണ്ടാം വാരത്തില്‍ പുറത്തിറങ്ങും.

Leave a Reply

Your email address will not be published. Required fields are marked *