കൊച്ചി: കൊച്ചിയിൽ വീണ്ടും സ്വകാര്യ ബസുകളുടെ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങും ചർച്ചയാകുന്നു. ഹൈക്കോടതിക്ക് സമീപം ട്രാഫിക് പൊലീസുകാരനെ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തി. ഇന്നലെ വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ സിപിഒ ശ്രീദത്ത് ആശുപത്രിയിൽ ചികിത്സ തേടി. മേനക ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ ‘മഹാത്മ’ ബസ് ബാനർജി റോഡിലേക്ക് തിരിയുന്നതിനിടെയാണ് പൊലീസുകാരനെ ഇടിച്ചത്.
സംഭവത്തിൽ ബസും ഡ്രൈവർ കാക്കനാട് സ്വദേശി അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിങ്ങിനെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അമിതവേഗത്തിൽ പായുന്ന ബസുകൾക്കെതിരെ കർശന നടപടി വേണമെന്നും കോടതി നിർദേശിച്ചിരുന്നു.
നഗരത്തിലെ തിരക്കേറിയ റോഡുകളിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. കാൽനടയാത്രക്കാരുടെയും മറ്റ് വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ശക്തമായ പരിശോധനയും നിരീക്ഷണവും ആവശ്യമാണെന്നാണ് ഉയരുന്ന ആവശ്യം. നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിച്ചാൽ മാത്രമേ ഇത്തരം അപകടങ്ങൾ ഒരു പരിധിവരെ തടയാനാകൂ.



