ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും; പ്രത്യേക കേസായി പരിഗണിക്കാൻ നിർദേശം

മൈസൂർ: കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം. പോസ്റ്റ്മോർട്ടത്തിന്‍റെ സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് ചിക്കമഗളൂരു ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

പോസ്റ്റ്‍മോർട്ടം പൂർത്തിയായാൽ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കുടുംബം അറിയിച്ചു. ചിക്കമഗളൂരു ജില്ലാ ആശുപത്രിയിലാണ് ശ്രീനന്ദയുടെ പോസ്റ്റ്‍മോർട്ടം നടത്തുക. കുടുംബത്തിന്റെ ഒരു ആരോപണവും തള്ളിക്കളയില്ലെന്നും എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ ടീമിന്റെ പരിശോധന നടത്തുകയാണ്. ശ്രീനന്ദയുടെ അച്ഛന്റെ സാന്നിധ്യത്തിലാണ് പരിശോധന.

നാലാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് 15കാരിയായ ശ്രീനന്ദയെ മരിച്ച നിലയിൽ കണ്ടെത്തി. കുട്ടിയെ കാണാതായ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിന് സമീപം 1500 അടി താഴ്ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തെർമൽ ഡ്രോണിലാണ് കുട്ടിയുടെ മൃതദേഹത്തിന്റെ ദൃശ്യം ആദ്യം പതിഞ്ഞത്. 100 അംഗ സംഘമാണ് ശ്രീനന്ദയ്ക്ക് വേണ്ടി തെരച്ചിൽ നടത്തിയിരുന്നത്. ശ്രീനന്ദയെ കാണാതായ സ്ഥലത്തിന്‍റെ താഴ്വരയിൽ നിന്ന് മുകളിലേക്ക് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബത്തിനൊപ്പം ഉല്ലാസയാത്രയുടെ ഭാഗമായാണ് ശ്രീനന്ദ ഈ പ്രദേശത്ത് എത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *