കൊച്ചി: രാഷ്ട്രീയ അജൻഡകൾ മാറിമാറി വിവാദം കൊഴുപ്പിച്ച നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച കലാശക്കൊട്ട്. ചൊവ്വാഴ്ച വൈകീട്ട് ആറിന് പരസ്യപ്രചാരണത്തിന് കൊടിയിറങ്ങും. ബുധനാഴ്ച നിശബ്ദപ്രചാരണം. വ്യാഴാഴ്ച വോട്ടെടുപ്പ്.
വിധിയെഴുതാൻ ഇനി മണിക്കൂറുകൾ ബാക്കി നിൽക്കേ മുന്നണികളെല്ലാം അവസാന നിമിഷം കളറാക്കാനുള്ള ശ്രമത്തിലാണ്. പരസ്യപ്രചാരണത്തിന്റെ അവസാനദിവസം ഓരോ തദ്ദേശസ്ഥാപന പരിധിയിലെയും പ്രധാന ടൗണുകൾ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം. ചിലയിടങ്ങളിൽ ടൗണുകൾ കേന്ദ്രീകരിച്ചുള്ള കൊട്ടിക്കലാശം ഒഴിവാക്കിയിട്ടുമുണ്ട്.
പ്രചാരണ പ്രവർത്തനങ്ങൾക്ക് കുറഞ്ഞ സമയം മാത്രമാണ് ഇക്കുറി ലഭിച്ചത്. കിട്ടിയ സമയം പരമാവധി ഉപയോഗിക്കുന്ന വിധത്തിലാണ് മുന്നണികൾ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. തിരഞ്ഞെടുപ്പിനായി എല്ലാം സജ്ജമെന്ന് മുന്നണികൾ നേരത്തേതന്നെ പ്രഖ്യാപനങ്ങളെല്ലാം നടത്തിയിരുന്നെങ്കിലും, ഏപ്രിൽ ഒൻപതിന് തിരഞ്ഞെടുപ്പ് നടക്കുമെന്ന് മുന്നണി നേതൃത്വം പ്രതീക്ഷിച്ചിരുന്നില്ല. ആഘോഷങ്ങൾ ഒഴിവാക്കിക്കൊണ്ട് തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം രാഷ്ട്രീയപാർട്ടി നേതൃത്വം തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ ഉന്നയിച്ചപ്പോൾ, വിഷു കഴിഞ്ഞശേഷമുള്ള തീയതിയാണ് പ്രതീക്ഷിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ചതിലും നേരത്തേ വന്നതോടെ മുന്നണികൾക്ക് നിൽക്കാൻ നേരമില്ലാതായി.
