ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു. ഝലാരിയ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകുന്നേരം കുഴൽക്കിണറിൽ വീണ ഭഗീരഥ് എന്ന ബാലനാണ് ജീവൻ നഷ്‌ടമായത്. ഏതാണ്ട് 23 മണിക്കൂർ നീണ്ട അതിതീവ്രമായ രക്ഷാപ്രവർത്തനത്തിനൊടുവിൽ വെള്ളിയാഴ്ച കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
വ്യാഴാഴ്ച വൈകുന്നേരം ഏഴരയോടെയാണ് കുട്ടി കുഴൽക്കിണറിലെ 60-65 അടി താഴ്ചയിൽ കുടുങ്ങിയത്. രാജസ്ഥാനിലെ പാലി ജില്ലക്കാരനായ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്.ആട് മേയ്ച്ച് ഉപജീവനം നടത്തുന്ന കുടുംബമാണ് ഇയാളുടേത്. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിന്‍റെ മൂടി മാറ്റിയപ്പോൾ അബദ്ധത്തിൽ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു.
രക്ഷാപ്രവർത്തനത്തിനിടെ കുട്ടിയെ ക്യാമറയിലൂടെ നിരീക്ഷിക്കുകയും ഓക്സിജൻ ലഭ്യമാക്കുകയും ചെയ്തിരുന്നുവെങ്കിലും പുറത്തെടുക്കുമ്പോൾ കുട്ടി പ്രതികരണശേഷി നഷ്ടപ്പെട്ട നിലയിലായിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. മൂന്ന് ദിവസം മുൻപ് മാത്രം പ്രദേശത്തെത്തിയ കുടുംബത്തിന് ഈ ദുരന്തം തീരാവേദനയായി മാറി.
