ജയ്പുർ: രാജസ്ഥാനിലെ ഘാട്ട, ലാൽപുര ഗ്രാമങ്ങളിൽ അജ്ഞാത രോഗം പടരുന്നതായി റിപ്പോർട്ട്. ഏപ്രിൽ ഒന്നിനും അഞ്ചിനും ഇടയ്ക്ക് രോഗം ബാധിച്ച് അഞ്ച് കുട്ടികളാണ് മരിച്ചത്. രണ്ട് വയസിനും നാല് വയസിനും ഇടയിലുള്ള കുട്ടികളാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.. നിരവധി കുട്ടികൾ ചികിത്സയിൽ കഴിയുകയാണ്.
സാലുമ്പർ ജില്ലയിലെ ഗ്രാമങ്ങളിലാണ് രോഗം. മരിക്കുന്നതിന് മുമ്പ് കുട്ടികൾക്ക് പനിയും ഛർദ്ദിയും ഉണ്ടായിരുന്നു. അസുഖത്തിന്റെ കാരണം കണ്ടെത്താൻ ഗ്രാമത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ജയ്‌പൂർ ആർഎൻടി മെഡിക്കൽ കോളേജ് അധികൃതരും ആരോഗ്യവകുപ്പ് അധികൃതരും അസുഖ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണ്.
രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. കുട്ടികളുടെ മരണകാരണം കണ്ടെത്താനും രോഗം കൂടുതൽ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി. അസുഖം ബാധിച്ച കുട്ടികളെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഭജൻലാൽ ശർമ്മ നിർദേശം നൽകി.
കൊതുക് മൂലമുള്ള പ്രശ്നങ്ങൾ കൊണ്ടാകാം അസുഖം എന്നാണ് പ്രാഥമികമായ ധാരണ. പനി അടക്കമുള്ള എന്ത് ലക്ഷണങ്ങൾ കണ്ടാലും അറിയിക്കണമെന്നും ആളുകൾക്ക് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
