ഡൽഹി: കൃത്യമായ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോവുകയാണെങ്കിൽ 2047- ഓടെ ഇന്ത്യ വികസിത രാജ്യമായേക്കുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചയുടെ നിരക്ക് നല്ല സൂചനയാണെന്നും ലക്ഷ്യത്തിലെത്താൻ ഇനിയും ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത ഇരുപതു വർഷത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ മുകളിൽ നിലനിർത്തേണ്ടത് വളരേ അനിവാര്യം ആണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇങ്ങനെ മുന്നോട്ട് പോയാൽ മാത്രമേ ഇന്ത്യക്കു ഒരു വികസിത രാഷ്ട്രമായി മാറാൻ സാധിക്കുകയുള്ളൂവെന്നും റിപ്പോർട്ട് വ്യക്തമാക്കി.
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കൂട്ടുന്നതും സാമ്പത്തിക വളർച്ചയ്ക്ക് വലിയ രീതിയിലുള്ള കരുത്തേകും. ഇന്ത്യക്ക് ഈ മേഖലയിൽ വലിയ സാധ്യതകൾ ഉണ്ടെന്നും റിപ്പോട്ട് ചൂണ്ടികാണിക്കുന്നു. അതേപോലെ ഉൽപ്പാദന മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ വർധിപ്പിക്കണം. മാത്രമല്ല വിതരണ ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നതും ഗുണകരമാകും. വിദ്യാഭ്യാസം, ആരോഗ്യം ,നൈപുണ്യ വികസനം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തണം. മാത്രമല്ല എഐ നവസാങ്കേതികവിദ്യകളും ഉപയോഗിക്കുന്നതും ഉൽപ്പാദനക്ഷമത കൂട്ടാൻ സഹായിക്കും.
എന്നാൽ ആഗോളതലത്തിലെ സാമ്പത്തിക സ്ഥിരതയില്ലായ്മയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം.
എന്നിരുന്നാലും ശക്തമായ ആഭ്യന്തര വിപണിയും യുവജനതയുടെ സാന്നിധ്യവും ഇന്ത്യക്കു അനുകൂല ഘടകങ്ങളാവുമെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ സാധിച്ചാൽ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും ലക്ഷക്കണക്കിന് ആളുകളെ ദാരിദ്രത്തിൽ നിന്നും കരകയറ്റാനും സാധിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കി.
