കേരളത്തോടൊപ്പം അസമും പുതുച്ചേരിയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പോളിംഗ് പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഉച്ചയോടെ കേരളത്തിലെ പോളിംഗ് 50 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ഉച്ചവെയിൽ കനക്കും മുമ്പ് തന്നെ പരമാവധി ആളുകളും വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് പോളിംഗ് ശതമാന കണക്കുകൾ വ്യക്തമാക്കുന്നത്. 1987ലാണ് അവസാനമായി 80 ശതമാനം കടന്നത്. അന്ന് എൽഡിഎഫായിരുന്നു അധികാരത്തിലെത്തിയത്. ഏകദേശം സമാനമായ രീതിയിലാണ് കേരളത്തിൽ പോളിംഗ് പുരോഗമിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ പോളിംഗ് നടക്കുന്നത്.

അതേസമയം, അസമിലും പുതുച്ചേരിയിലും മികച്ച രീതിയിൽ തന്നെയാണ് പോളിംഗ് പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഉച്ചയ്ക്ക് 1 മണിയ്ക്ക് അസമിൽ പോളിംഗ് 60 ശതമാനത്തിലേയ്ക്ക് അടുക്കുകയാണ്. 59.63 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്ന പോളിംഗ്. പുതുച്ചേരിയിൽ 56.83 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്.

മൂന്ന് സംസ്ഥാനങ്ങളിലും സമാധാനപരമായി വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ ഒരുക്കങ്ങളാണ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് പോളിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചതിനൊപ്പം ബൂത്തുകളിൽ കർശന സുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര സുരക്ഷാ സേനയെയും വലിയ തോതിൽ വിന്യസിച്ചിട്ടുണ്ട്. പോളിംഗ് നടപടികൾ സുതാര്യമാക്കാൻ പലയിടത്തും വെബ്കാസ്റ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. വോട്ടർമാർക്ക് ബുദ്ധിമുട്ടില്ലാതെ വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യങ്ങളും നൽകിയിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പുകളുടെ ഫലം മെയ് 4-ന് പ്രഖ്യാപിക്കുമെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൂന്നിടങ്ങളിലുമായി ഏകദേശം 5.3 കോടി വോട്ടർമാരാണ് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *