ശ്രീനഗർ: ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസിൽ ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ തള്ളി പാർട്ടി പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പാർട്ടി ഒറ്റക്കെട്ടാണെന്നും പിളർപ്പുണ്ടാക്കാമെന്ന് കരുതുന്നവർക്ക് അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ സാന്നിധ്യത്തിൽ ശ്രീനഗറിൽ പാർട്ടി എംഎൽഎമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു പ്രതികരണം.
ഒക്ടോബറിൽ നടന്ന മന്ത്രിസഭാ വികസനത്തിൽ മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിലും പ്രാദേശിക പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥയിലും അതൃപ്തിയുള്ള 18 എംഎൽഎമാർ വ്യാഴാഴ്ച രഹസ്യയോഗം ചേർന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഫാറൂഖ് അബ്ദുള്ളയും ഒമർ അബ്ദുള്ളയും എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയത്.
പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഫാറൂഖ് അബ്ദുള്ള പറഞ്ഞു. എംഎൽഎമാർ ഉന്നയിച്ച പരാതികൾ ന്യായമാണെന്നും നേതൃത്വം അവ പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരുടെയും ആശങ്കകൾ കേട്ടതായും ചില പ്രശ്നങ്ങളിൽ ഉടൻ നടപടിയുണ്ടാകുമെന്നും മറ്റുള്ളവ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയെയും സർക്കാരിനെയും ശക്തിപ്പെടുത്തി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കാനുള്ള പോരാട്ടവും ഭരണഘടനയുടെ 370, 35എ അനുച്ഛേദങ്ങൾക്കായുള്ള പോരാട്ടവും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നാഷണൽ കോൺഫറൻസിൽ പുതിയൊരു വിഭാഗം രൂപീകരിച്ചെന്ന പ്രചാരണം പാർട്ടി എംഎൽഎ നസീർ അഹമ്മദ് ഖാനും തള്ളി. തങ്ങൾ പാർട്ടി നേതൃത്വത്തിന് മുന്നിൽ ചില പരാതികൾ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നും പുതിയ പാർട്ടി രൂപീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ഒമർ അബ്ദുള്ളയോടും ഫാറൂഖ് അബ്ദുള്ളയോടും പ്രശ്നങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്നും അവ പരിഹരിക്കാമെന്ന് നേതൃത്വം ഉറപ്പുനൽകിയിട്ടുണ്ടെന്നും നസീർ അഹമ്മദ് ഖാൻ വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ ഉൾപ്പെടെയുള്ള പരാതികൾ ഘട്ടംഘട്ടമായി പരിഹരിക്കുമെന്നാണ് ലഭിച്ച ഉറപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട അതൃപ്തിക്ക് പിന്നാലെ ശ്രീനഗർ എംപി ആഗ റൂഹുള്ള മെഹ്ദി പാർട്ടിയിൽ നിന്നും പാർലമെന്റിൽ നിന്നും രാജിവച്ചതും നാഷണൽ കോൺഫറൻസിന് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കൽ, തടവുകാരുടെ മോചനം, ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കൽ തുടങ്ങിയ വിഷയങ്ങളിൽ പാർട്ടി നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നായിരുന്നു മെഹ്ദിയുടെ വിമർശനം. ഈ സാഹചര്യത്തിലാണ് പാർട്ടിയിലെ ഭിന്നതാ റിപ്പോർട്ടുകൾ തള്ളി നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.



