റിയാദ്: സുരക്ഷാ ഭീഷണിയെ തുടർന്ന് അടച്ചിട്ട കിംഗ് ഫഹദ് കോസ്വേ തുറന്നു. സുരക്ഷാ മുൻനിർത്തി ചൊവ്വാഴ്ച പുലർച്ചെ അടച്ചിട്ട പാത ഉച്ചയോടെയാണ് വീണ്ടും തുറന്നത്. സൗദി അറേബ്യയേയും ബഹ്റൈനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയിൽ അതീവ ജാഗ്രത നിർദ്ദേശത്തെ അടിസ്ഥാനമാക്കി ഗതാഗതം താൽകാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാവിലെ 9:45 ഓടെ ഗതാഗതം പുനരാരംഭിച്ചു. കോസ്വേ വഴിയുള്ള ഗതാഗതം സാധാരണ നിലയിൽ എത്തിയെന്നും വാഹനങ്ങളുടെ തിരക്ക് നിയന്ത്രണ വിധേയമായെന്നുമാണ് വിവരം.
സൗദി കിഴക്കൻ പ്രവിശ്യയിലെ നാഷണൽ ഏർലി വർണിങ് പ്ലാറ്റ്ഫോം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതിനെ തുടർന്നാണ് കോസ്വേ അതോറിറ്റി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ ഭീഷണി നീങ്ങിയെന്ന വലയിരുത്തലിനെത്തുടർന്ന് നിയന്ത്രണം നീക്കുകയുമായിരുന്നു. പാതയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നും ഗതാഗതം പുനരാരംഭിച്ചെന്നും കിംഗ് ഫഹദ് കോസ്വേ അതോറിറ്റി എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
