തിരുവനന്തപുരം: സാധാരണക്കാരന് തിരിച്ചടി നൽകി സംസ്ഥാനത്ത് അരി, പലവ്യഞ്ജനം പോലുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നു. പൊന്നി അരിക്ക് മൊത്ത വിപണിയിൽ ഒരു മാസത്തിനിടെ 10 രൂപ കൂടി 53 രൂപയായി. ചില്ലറവില്പനയിൽ 8 മുതൽ10 രൂപ വരെ കൂടുതൽ നൽകേണ്ടി വരുന്നു. കടല, ഉഴുന്ന്, വൻപയർ, പഞ്ചസാര എന്നിവയ്ക്കും വില കൂടുകയാണ്. പശ്ചിമേഷ്യൻ സംഘർഷം വിവിധ മേഖലകളിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾക്ക് പുറമേയാണ് മലയാളിയുടെ നിത്യജീവിതത്തിന് തിരിച്ചടിയായി അരി, പലവ്യഞ്ജനം പോലുള്ള അത്യാവശ്യ സാധനങ്ങൾക്ക് വില വർധനയുണ്ടാകുന്നത്.
ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലെ കാലാവസ്ഥാ വ്യതിയാനമാണ് മുളക്, അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധനവിനുള്ള പ്രധാന കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്. അരിക്കച്ചവടത്തിൽ സാധാരണക്കാർക്ക് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ കുത്തരി, ചാക്കരി വില മൊത്തവിപണിയിൽ കിലോയ്ക്ക് നാല് രൂപ വരെ കൂടി. അരിവില വർധിച്ചതോടെ ഹോട്ടലുകളിൽ ഊണിന് വില വർധിപ്പിക്കേണ്ടി വരുമെന്നാണ് സൂചന.
തുവരപ്പരിപ്പിന് 170 രൂപ വിലയാകുമ്പോൾ സാധാരണ പരിപ്പിന് 70 രൂപയാണ് വില. ദീപാവലിക്കാലമായതോടെ ഉഴുന്നിന്റെ വിലയും വർധിച്ചു. 230-ൽനിന്നാണ് മുളക് വില 360-ലേക്ക് കുതിച്ചത്. മഞ്ഞൾ 180-ൽനിന്ന് 300 രൂപയായി വർധിച്ചു. കടലയ്ക്ക് പത്ത് രൂപ വരെ വർധിച്ച് 95 രൂപയായി. പഞ്ചസാര വില കൂടുകയാണ്. ഓണത്തിന് 70 രൂപയുണ്ടായിരുന്ന പഞ്ചസാര വില കഴിഞ്ഞ മാസം 50-ൽ എത്തിയിരുന്നെങ്കിലും വീണ്ടും കൂടാൻ തുടങ്ങി. 54 രൂപയാണ് മൊത്തവിപണിയിലെ വില.



