ഛണ്ഡീഗഢ്: മദ്യത്തിന്റെ ഗന്ധവുമായാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പാര്‍ലമെന്റില്‍ എത്തിയതെന്ന ആരോപണമുന്നയിച്ച് രാഹുല്‍ ഗാന്ധി. സംസ്ഥാനത്തെ ലഹരിവിരുദ്ധ പോരാട്ടത്തിന് മുഖ്യമന്ത്രിക്ക് പ്രതിബദ്ധതയില്ലേയെന്നും അദ്ദേഹം ചോദിച്ചു. സംഗ്രൂരില്‍ നടന്ന ‘ഇന്‍സാഫ് റാലി’യെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം. പഞ്ചാബിലെ ലഹരിമരുന്ന് വ്യാപനം തടയുന്നതില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ഡല്‍ഹിയില്‍ നിന്നാണ് പഞ്ചാബ് ഭരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ലഹരി സംസ്ഥാനത്തെ പ്രധാന പ്രശ്‌നമായി മാറിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. പഞ്ചാബിന് സംസ്ഥാനത്തിനകത്തുനിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ആവശ്യം. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിക്ക് ഡല്‍ഹിയുടെ ഇടപെടലില്ലാതെ ഭരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കും. പഞ്ചാബ് ഭഗവന്ത് മനിലും ആം ആദ്മി പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിച്ചു. ലഹരിമരുന്ന് ഇല്ലാതാക്കുമെന്നായിരുന്നു അവരുടെ വാഗ്ദാനം. എന്നാല്‍ എവിടെയാണ് അവര്‍ ലഹരി ഇല്ലാതാക്കിയത്? പഞ്ചാബിന്റെ ഏത് ഭാഗത്തുനിന്നാണ് ലഹരി തുടച്ചുനീക്കാന്‍ അവര്‍ക്ക് കഴിഞ്ഞതെന്നും രാഹുല്‍ ചോദിച്ചു.
പഞ്ചാബില്‍ ലഹരിമരുന്ന് വ്യാപിക്കുന്നതായി വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും അന്ന് ബിജെപിയും ശിരോമണി അകാലിദളും അത് അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. അന്ന് പഞ്ചാബിനെക്കുറിച്ച് രാഹുല്‍ ഗാന്ധിക്ക് ഒന്നുമറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം. പാര്‍ലമെന്റിലെ അനുഭവങ്ങള്‍ പരാമര്‍ശിച്ചാണ് ഭഗവന്ത് മന്നിനെതിരെ രാഹുല്‍ ഗാന്ധി മദ്യപാന ആരോപണം ഉന്നയിച്ചത്.



