പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ; ഇനി കൊട്ടിക്കലാശത്തിന്‍റെ ആരവത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഫൈനൽ ലാപ്പിൽ. ഇന്ന് വൈകിട്ട് ആറുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം. റോഡ് ഷോകളുമായാണ് സ്ഥാനാര്‍ത്ഥികള്‍ പരസ്യപ്രചാരണത്തിന്‍റെ അവസാന ദിനത്തിൽ മണ്ഡലങ്ങളിൽ സജീവമായിരിക്കുന്നത്. കൊട്ടിക്കലാശത്തോടെയായിരിക്കും പരസ്യപ്രചാരണത്തിന് സമാപനമാകുക. റോഡ് ഷോയും അതോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ പ്രധാനയിടങ്ങളിൽ വിവിധ മുന്നണികളുടെ കൊട്ടിക്കലാശം നടക്കും. നാളെ നിശബ്ദ പ്രചരണമായിരിക്കും. മറ്റന്നാളാണ് കേരളം വിധിയെഴുതുന്ന വോട്ടെടുപ്പ് നടക്കുക. കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടികള്‍. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ്, നേമം അടക്കമുള്ള മണ്ഡലങ്ങളിലും മറ്റിടങ്ങളിലും കൊട്ടിക്കലാശത്തിന്‍റെ ആവേശം നേരത്തെ തന്നെ തുടങ്ങി കഴിഞ്ഞു. ബാന്‍ഡ് മേളവും ചെണ്ടമേളവും നിശ്ചല ദൃശ്യങ്ങളുമൊക്കെയായി കലാശക്കൊട്ട് പൂരമാക്കി മാറ്റുകയാണ് മുന്നണികള്‍.

പ്രളയ വിവാദത്തിൽ സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി തിരുവല്ലയിൽ യുഡിഎഫിന്‍റെ കൊട്ടിക്കലാശം ഉണ്ടാകില്ല. ഇതിന് പകരം കുത്തിയിരുന്ന് പ്രതിഷേധിക്കാനാണ് തീരുമാനം. അതുപോലെ പുതുപ്പള്ളിയിലും കൊട്ടിക്കലാശം ഉണ്ടാകില്ലെന്നും അതിന്‍റെ പണം കൊണ്ട് ഒരു വീട് നിര്‍മിച്ചു നൽകുമെന്നുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ നേരത്തെ വ്യക്തമാക്കിയത്. 2.71 കോടി വോട്ടര്‍മാരാണ് മറ്റന്നാള്‍ അടുത്ത അഞ്ചുവര്‍ഷം ആര് ഭരിക്കുമെന്നതിന്‍റെ വിധിയെഴുതുക. വലിയ പ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. 95ശതമാനം പോസ്റ്റൽ വോട്ടുകള്‍ പൂര്‍ത്തീയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *