ചെന്നൈ : തമിഴക വെട്രി കഴകം (TVK) കടലൂരിൽ നടത്താനിരുന്ന തെരഞ്ഞെടുപ്പ് റോഡ്ഷോ മാറ്റിവെച്ചു. വിജയുടെ ചെന്നൈയിൽ നിന്ന് കടലൂർ വരെ 175 കിലോമീറ്റർ ദൂരം റോഡ് മാർഗമുള്ള റോഡ്ഷോയാണ് മാറ്റിവെച്ചത്. . എന്നാൽ സുരക്ഷാ കാരണങ്ങളും മുൻനിശ്ചയിച്ച യാത്രയിലുണ്ടായ അപ്രതീക്ഷിത സംഭവങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
യുവജനങ്ങൾ വലിയ തോതിൽ ബൈക്കുകളിൽ താരത്തെ പിന്തുടരുന്നത് യാത്രയ്ക്ക് തടസ്സമാകുന്നു എന്നതാണ് പ്രധാന കാരണം. കഴിഞ്ഞ ദിവസം ശിവഗംഗയിൽ നടന്ന റോഡ്ഷോയ്ക്കിടെ സമാനമായ രീതിയിൽ പിന്തുടർന്ന അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാനുമാണ് കടലൂരിലെ റോഡ്ഷോ വേണ്ടെന്ന് വെക്കാൻ പാർട്ടി നേതൃത്വം തീരുമാനിച്ചത്.
കടലൂരിലെ പരിപാടി മാറ്റിയെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണവുമായി വിജയ് സജീവമായി മുന്നോട്ടുപോവുകയാണ്. ഈ മാസം 14-ന് പുതുക്കോട്ടയിൽ റോഡ്ഷോ നടത്താൻ വിജയ്ക്ക് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കിക്കൊണ്ട് കൂടുതൽ ജനകീയമായ രീതിയിൽ പ്രചാരണം തുടരാനാണ് പാർട്ടിയുടെ നീക്കം.
