ചെന്നൈ: തമിഴ്നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് നിലപാടിൽ ഇടതുപാർട്ടികൾ. ഒരു സഖ്യത്തിന്റെയും ഭാഗം ആകില്ലെന്ന് സിപിഐ വ്യക്തമാക്കി. സിപിഎമ്മും സിപിഐയും ഒന്നിച്ച് മത്സരിക്കുമെന്നും ഉപതെരഞ്ഞെടുപ്പിലെ നിലപാട് പിന്നീട് അറിയിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി അറിയിച്ചു. നേരത്തെ, തമിഴക വെട്രി കഴകം ബുധനാഴ്ച വിളിച്ചുചേർത്ത സഖ്യകക്ഷികളുടെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐയും സിപിഎമ്മും തീരുമാനിച്ചിരുന്നു. തമിഴ്നാട്ടിൽ ടിവികെയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാഗമല്ലാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് ഇരുപാർട്ടികളും വ്യക്തമാക്കി.
സഖ്യയോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് സർക്കാരിനോടുള്ള എതിർപ്പായി വ്യാഖ്യാനിക്കേണ്ടതില്ലെന്ന് ഇടതുനേതാക്കൾ വ്യക്തമാക്കുന്നുണ്ട്. തൊഴിലാളികളും കർഷകരും ടിവികെ സഖ്യത്തിന്റെ ഭാഗമല്ലാത്തതിനാൽ സഖ്യകക്ഷികൾക്കായി നടത്തുന്ന യോഗത്തിൽ തങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ മാധ്യമങ്ങളോട് പ്രതികരിച്ചു. സ്വന്തം രാഷ്ട്രീയ സ്വത്വം നിലനിർത്തിക്കൊണ്ട് തന്നെ ടിവികെ സർക്കാരിന് പുറത്തുനിന്ന് പിന്തുണ നൽകാനാണ് ഇടതുകക്ഷികളുടെ തീരുമാനം.
തങ്ങൾ സർക്കാരിന്റെയോ മന്ത്രിസഭയുടെയോ ഭാഗമല്ലെന്നും അതുകൊണ്ട് തന്നെ സഖ്യകക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുന്നത് ഉചിതമല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യനും വ്യക്തമാക്കി. ഭരണമുന്നണിയിൽ ഇല്ലെങ്കിലും സർക്കാരിന്റെ ജനക്ഷേമ നയങ്ങൾക്ക് ആവശ്യാനുസരണം പിന്തുണ നൽകുന്നത് തുടരുമെന്നാണ് ഇടതുപാർട്ടികളുടെ നിലപാട്.
