ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകാധിപതിയാകുന്നതിൽ പരാജയപ്പെട്ടെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനാവാല. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലെ തന്റെ ബയോയിൽനിന്ന് ബിജെപി ദേശീയ വക്താവ് എന്ന സ്ഥാനം നീക്കം ചെയ്തതിന് തൊട്ടുപിന്നാലെയാണ് പൂനാവാലയുടെ ഈ പരാമർശം. നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ മാതാവിനെയും അധിക്ഷേപിച്ച വിദ്യാർത്ഥികളോട് ക്ഷമിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് ഷെഹ്സാദ് ഇക്കാര്യം പരാമർശിച്ചത്.
12 വർഷം കഴിഞ്ഞിട്ടും എങ്ങനെയാണ് ഒരു യഥാർത്ഥ ഏകാധിപതി ആകേണ്ടതെന്ന് അദ്ദേഹത്തിന് അറിയില്ല. അദ്ദേഹം അതിൽ പരാജയപ്പെട്ടു.- എന്ന് പൂനാവാല പരിഹാസത്തോടെ പറഞ്ഞു. ഒരു ഏകാധിപതിയെപ്പോലെ പെരുമാറുന്നതിന് പകരം, കുട്ടികളോട് ക്ഷമിക്കാനും അവരെ ശരിയായ വഴിക്ക് നയിക്കാനും സമൂഹത്തോടും പോലീസിനോടും ആവശ്യപ്പെടുകയാണ് മോദി ചെയ്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
യഥാർത്ഥ ഏകാധിപത്യം എന്താണെന്ന് രാഹുൽ ഗാന്ധിയിൽനിന്ന് പഠിക്കണമെന്ന് പൂനാവാല പറഞ്ഞു. ഇന്ദിര ഗാന്ധിയുടെയും ജവഹർലാൽ നെഹ്റുവിന്റെയും പിൻഗാമിയായ രാഹുലിന് മാത്രമേ യഥാർത്ഥ ഏകാധിപത്യവും അടിയന്തരാവസ്ഥയും എന്താണെന്ന് അറിയാവൂ എന്ന് അദ്ദേഹം വിമർശിച്ചു. കേരളത്തിലും കർണാടകത്തിലും ഇൻസ്റ്റഗ്രാം പോസ്റ്റുകളുടെയും പ്രതിഷേധങ്ങളുടെയും പേരിൽ കേസെടുക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു. മോദി സർക്കാർ വിദ്യാർത്ഥികൾക്കെതിരെയുള്ള കേസുകൾ പിൻവലിച്ചപ്പോൾ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വിമർശകർക്കെതിരെ നടപടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് രാജ്യം മുഴുവൻ പ്രതിഷേധങ്ങൾ നടന്നിരുന്നു. ഇതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുകയും സർക്കാർ സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ സമരത്തിനിടെയാണ് പ്രധാനമന്ത്രിക്കെതിരെ മോശം പരാമർശങ്ങൾ ഉണ്ടായത്. പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രിയെ ‘ഏകാധിപതി’ എന്ന് വിളിച്ചതിനെ പരിഹസിക്കാനാണ് പൂനാവാല ഈ രീതിയിലുള്ള പ്രതികരണം നടത്തിയത്.
