`ആർ.എസ്.എസിന്റെ സർട്ടിഫിക്കറ്റ് ജെൻ സിക്ക് വേണ്ട’; മോഹൻ ഭാഗവതിനെതിരെ രൂക്ഷ വിമർശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധി. ഇന്ത്യയുടെ യുവതക്ക് ആർ.എസ്.എസ് മേധാവിയുടെ അംഗീകാരമോ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു . പാർലമെന്റിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മുംബൈയിലെ നിതാ മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ ജെൻ സി, ജെൻ ആൽഫ അംഗങ്ങളുമായി മോഹൻ ഭാഗവത് നടത്തിയ സംവാദത്തിന് പിന്നാലെയാണ് ഈ പ്രതികരണം. യുവതലമുറയുമായി ആർ.എസ്.എസ് ബന്ധം സ്ഥാപിക്കാൻ നടത്തുന്ന ശ്രമത്തെ പ്രതിപക്ഷം ചോദ്യം ചെയ്തിരിക്കുകയാണ്.

ഇതിനിടെ ജൂലൈ 20 ലെ ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയെയും പ്രിയങ്ക കേന്ദ്ര സർക്കാരിനെ വിമർശിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിഷയത്തിൽ വിശദീകരണം നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രിയങ്ക കൂട്ടിചേർത്തു. ആഭ്യന്തര മന്ത്രി പാർലമെന്റിൽ നിന്ന് വിട്ടുനിൽക്കുന്നത് അദ്ദേഹം ഭയപ്പെടുന്നതിനാലാണെന്നും അവർ ആരോപിച്ചു.

കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖർഗെയും ആർ.എസ്.എസിനെയും ബി.ജെ.പിയെയും വിമർശിച്ചു. ഭാഷയും അവതരണവും മാറിയാലും അവരുടെ അടിസ്ഥാന ആശയങ്ങളിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസും ബി.ജെ.പിയും അവരുടെ വാക്കുകൾ മാറ്റാൻ ശ്രമിക്കുകയാണ്. എന്നാൽ അതുകൊണ്ട് അവരുടെ ആശയങ്ങൾ മാറില്ല. ജനങ്ങളെ വിഭജിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും വിദ്വേഷത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോഴും അവരുടെ രീതി. സംഘ് പഴയത് തന്നെയാണ്, മാറിയത് ഭാഷ മാത്രമാണെന്നാണ് ഖർഗെ എക്സിൽ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *