ഫണ്ട് തിരിമറി വിവാദം: ബിജെപിയിൽ പക്ഷംതിരിഞ്ഞ് ചരടുവലി

കൊല്ലം: ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഫണ്ട് തിരിമറി സംബന്ധിച്ച് ബി.ജെ.പി.യിൽ പക്ഷം തിരിഞ്ഞ് കരുനീക്കങ്ങൾ. 10-ന് തിരുവനന്തപുരത്ത് ചേരുന്ന സംസ്ഥാന കോർ കമ്മിറ്റിയുടെ അജൻഡയിൽ ഫണ്ട് വിവാദം ഉൾപ്പെടുത്താൻ സാധ്യതയില്ല. വിഷയം ചർച്ചചെയ്യണമെന്ന് വി. മുരളീധരനോ കെ. സുരേന്ദ്രനോ ഇവരെ അനുകൂലിക്കുന്നവരോ ആവശ്യപ്പെടുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും അദ്ദേഹത്തിന്റെ വിശ്വസ്തനായ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് അടക്കമുള്ള ചില നേതാക്കളെയും പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യം.

ഫണ്ട് തിരിമറി വിവാദത്തിനും പരാതികൾക്കും പിന്നിൽ മുരളീധരൻ-സുരേന്ദ്രൻ വിഭാഗമാണെന്ന വിശ്വാസത്തിലാണ് രാജീവ് അനുകൂലികൾ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ബി.ജെ.പി. പ്രസിഡൻറ് നിതിൻ നബീനേയും കണ്ട് രാജീവ് ചന്ദ്രശേഖർ ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗത്തിൽ ഗുരുതര ആരോപണങ്ങളും പരാതികളുമുണ്ടായിട്ടും മുരളീധരനും സുരേന്ദ്രനും അംഗങ്ങളായ സംസ്ഥാന കോർ കമ്മിറ്റി വിളിക്കാൻ രാജീവ് തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. പകരം ഈ നേതാക്കൾ ഉൾപ്പെടാത്ത, സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗമാണ് വിളിച്ചത്.

ഈ യോഗത്തിൽ, ‘ഫണ്ട് തട്ടിപ്പോ തിരിമറിയോ നടന്നിട്ടേയില്ലെന്നും ചർച്ചതന്നെ വേണ്ടെന്നു’മുള്ള നിലപാടിലായിരുന്നു രാജീവ് ചന്ദ്രശേഖർ. എതിർവിഭാഗത്തിലുള്ള നേതാക്കൾ പോലും ഇക്കാര്യം ഉന്നയിച്ചതുമില്ല. കോർ കമ്മിറ്റിയിലും രാജീവിന്റെ നിലപാട് ഇതുതന്നെയാകും. മറുവിഭാഗം വിഷയം ഉന്നയിച്ചാൽത്തന്നെ കോർ കമ്മിറ്റിയിലെ ഭൂരിപക്ഷം കൊണ്ട് പ്രതിരോധിക്കാമെന്നാണ് രാജീവ് അനുകൂലികൾ കരുതുന്നത്. ഹെലികോപ്റ്റർ വാടകയടക്കം കഴിഞ്ഞതവണത്തെ തിരഞ്ഞെടുപ്പ് ചെലവുമായി താരതമ്യപ്പെടുത്തിയുള്ള ചർച്ച അവർ ഉയർത്തിക്കൊണ്ടുവന്നേക്കും.

Leave a Reply

Your email address will not be published. Required fields are marked *