അര്‍ജന്റീനിയൻ ഇതിഹാസ താരം ലയണല്‍ മെസി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസിയുടെ മരണത്തെ തുടര്‍ന്നാണ് താരം കളിയില്‍ നിന്ന് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. മെസിയുടെ ഫുട്ബോൾ യാത്രയിൽ നിർണായക സാന്നിധ്യമായിരുന്നു ജോര്‍ജ് മെസി.
ദുഃഖകരമായസമയത്ത് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനായി മെസി തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തിരക്കുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം താരം എന്ന് തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ഇന്റര്‍ മയാമിയിലെ മത്സരങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മെസി പിന്മാറിയിരിക്കുകയാണ്. അർജന്റീന ദേശീയ ടീമിനൊപ്പം ഇനി കളിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. കരിയറിന്റെ കാര്യത്തിൽ മെസി തീരുമാനിക്കട്ടെ എന്ന നിലപാടിലാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഇന്റർമയാമിയും.
