കൊച്ചി : ദുൽഖർ സൽമാൻ ചിത്രം’ ഐ ആം ഗെയിമി’ലെ ആദ്യ ഗാനത്തിന് മില്യൺ വ്യൂവ്സ്. ഇതിനകം രണ്ട് മില്യൺ കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. ജേക്സ് ബിജോയ് ഈണം നൽകിയ “മഴവില്ലായേ” എന്ന ഗാനം ആലപിച്ചത് അർമാൻ മാലിക് ആണ്. ഷർഫു ആണ് ഗാനത്തിന്റെ വരികൾ രചിച്ചത്. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ഫാൻ്റസി ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് എത്തുന്നത്.
ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത് ആണ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചത് സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ്. സജീർ ബാബയും ആദർശ് സുകുമാരനും ഷബാസ് റഷീദും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ കേൾവിയിൽ തന്നെ പ്രേക്ഷകരുടെ മനസ്സിലിടം പിടിക്കുന്ന ഗാനം, റിലീസ് ചെയ്ത നിമിഷം മുതൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകൾ വർധിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ പുറത്തു വിട്ട ഗാനം ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ, ചിത്രത്തിന്റെ ട്രെയ്ലറിനും വമ്പൻ സ്വീകരണവും പ്രതികരണവുമാണ് പ്രേക്ഷകർ നൽകിയത്.മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും പുറത്ത് വന്ന ട്രെയ്ലർ പാൻ ഇന്ത്യൻ ശ്രദ്ധയാണ് നേടിയെടുത്തത്.
