തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉന്നയിച്ച കടുത്ത ആരോപണങ്ങൾക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. എൻ.എസ്.എസിൽ ജനാധിപത്യമില്ലെന്നാണ് പരാതിയെങ്കിൽ ഗണേഷ് കുമാർ കോടതിയിൽ കേസ് കൊടുക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അച്ഛനെപ്പറ്റി വ്യക്തിപരമായ ആക്ഷേപം ഉന്നയിച്ച ആളാണ് ഗണേഷ് കുമാറെന്നും അദ്ദേഹത്തിന്റെ വിമർശനങ്ങൾക്കു മറുപടി പറയാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി. എൻ.എസ്.എസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടരുടെ വാലായാണ് ഇപ്പോൾ ഗണേഷ് പ്രവർത്തിക്കുന്നത്. ഇവരെയെല്ലാം സംഘടിപ്പിച്ച് തനിക്കെതിരെ ഗൂഢാലോചന നടത്താമെന്ന് കരുതിയാൽ അത് നടക്കില്ല. അങ്ങനെയൊരു നീക്കത്തിന് വഴങ്ങുന്ന തരത്തിലുള്ള യാതൊരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ലെന്നും, ഈശ്വരതുല്യം ആരാധിക്കുന്ന ക്ഷേത്രതുല്യമായ സമാധിസ്ഥലത്ത് പട്ടിയെ കയറ്റാൻ കഴിയില്ലെന്നുമായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം.
ഗണേഷ് NSS നെ തകർക്കാൻ ശ്രമിപ്പിക്കുന്നു?
